ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ചു. നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിച്ചത്.എന്നാല്‍ ചര്‍ച്ച നടക്കുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തു.കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേതിച്ചു.കോണ്‍ഗ്രസ്, എഐഎംഐഎം, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടു. ബില്ലിന്മേല്‍ ചര്‍ച്ചയാകാമെന്നും മതപരമായ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുതെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നേരത്തെ പറഞ്ഞിരുന്നു.
മുത്തലാഖ് ബില്‍ ഏതെങ്കിലുമൊരു മതവിഭാഗത്തിനോ വിശ്വാസത്തിനോ എതിരല്ല. സ്ത്രീകളുടെ അവകാശവും നീതിയുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകളുടെ മാന്യത നിലനിര്‍ത്തുന്നതിനായിട്ടാണു പാര്‍ലമെന്റ് എന്നും നിലകൊള്ളുന്നത്. 22 ഇസ്‌ലാമിക രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെ ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്തിന് എന്തുകൊണ്ടിതു സാധ്യമല്ല. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ഇപ്പോഴും മുത്തലാഖ് നടക്കുന്നുണ്ട്. ആരെയും വഞ്ചിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെയല്ലാതെ വേണം ഇതുനോക്കിക്കാണാനെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിയമമന്ത്രി സംസാരിക്കുമ്പോള്‍ തുടര്‍ച്ചായി പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് ചര്‍ച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതിനാലാണ് ഇന്നു ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബില്‍ രാഷ്ട്രീയപരമായി ഉയര്‍ന്നതാണെന്ന് ആര്‍എസ്പി എംപി എന്‍.കെ.പ്രേമചന്ദന്‍ ആരോപിച്ചു.