മലപ്പുറം: മക്കള്‍ക്ക് ഒരുതരി സ്വര്‍ണ്ണമില്ല. വിശുദ്ധ ഖുര്‍ആന്റെ കോപ്പിമഹറായി നല്‍കി രണ്ട് ക്കളുടെയും വിവാഹം നടത്തി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. വിശുദ്ധ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണത്തിന് പ്രവൃത്തിയിലൂടെയാണ് കെടി ജലീല്‍ മറുപടി നല്‍കിയിരിക്കുന്നത്.
കെടി ജലീലിന്റെ മകന്റെയും മകളുടെയും നിക്കാഹാണ് റമദാന്‍ കഴിഞ്ഞയുടന്‍ നടക്കുക. മുസ്ലിംമതാചാര പ്രകാരമുള്ള നിക്കാഹ് മാത്രമാണ് ഇപ്പോള്‍ നടക്കുക. ഇവരുടെ പഠനം കഴിഞ്ഞ ശേഷമാകും കല്ല്യാണ ചടങ്ങുകള്‍.
മകന്‍ അഡ്വ: കെടി മുഹമ്മദ് ഫാറൂഖിന്റേയും മകള്‍ കെ.ടി സുമയ്യ ബീഗത്തിന്റേയും നിക്കാഹാണ് റമദാന്‍ കഴിഞ്ഞാല്‍ ഉടന്‍ നടക്കുക. മതാചരപ്രകാരമുളള മഹറായി ഖുര്‍ആന്‍ സമ്മാനിച്ചു. പൂര്‍ണമായി ലളിതമായാണ് ചടങ്ങുകള്‍ നടക്കുക.
മൂത്ത മകള്‍ അസ്മ ബീവിയുടെ വിവാഹവും നേരത്തെ സമാനമായ രീതിയിലാണ് നടത്തിയിരുന്നത്. മകന്‍ അഡ്വ: കെടി മുഹമ്മദ് ഫാറൂഖ്. തിരൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരികയാണ്. വധു ശുഅയ്ബ. പന്നിത്തടം സ്വദേശിനിയും എല്‍.എസ്.ബി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ്. മകള്‍ കെ.ടി സുമയ്യ ബീഗം, പോര്‍ട്ട് ബ്ലെയര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയാണ്. വരന്‍ ഡോ: മുഹമ്മദ് ഷരീഫ്, രണ്ടത്താണി സ്വദേശിയാണ്.
മകന്‍ ഖുര്‍ആനാണ് മഹറായി നല്‍കുന്നതെന്ന കണ്ടപ്പോഴാണ് മരുമകനും ഇതെ രീതിയില്‍ തന്നെ ഖുര്‍ആന്‍ മഹറായി നല്‍കാന്‍ തയ്യാറാവുകയായിരുന്നുവെന്ന് ജലീല്‍ പറയുന്നു.
ജലീലിന്റെ മൂത്തമകള്‍ അസ്മ ബീവി നിലവില്‍ യുഎസ്എയില്‍ ഇന്റല്‍ റിസര്‍ച്ച് സൈന്റിസ്റ്റായാണ് ജോലിചെയ്യുന്നത്. ഭര്‍ത്താവ് അനീഷ് എലിക്കോട്ടില്‍ ആപ്പിളില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്.
മക്കള്‍ വില്‍പ്പനച്ചരക്കുകളല്ലെന്നും നമ്മുടെ കരളിന്റെ കഷ്ണങ്ങളാണെന്നും ചൂണ്ടിക്കാട്ടി നേരത്തെ കെടി ജലീല്‍ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റും വൈറലായിരുന്നു. രക്ഷിതാക്കള്‍ പെണ്‍മക്കള്‍ക്ക് വരന്മാരെ തേടുമ്പോള്‍ മനുഷ്യത്വമുള്ള സല്‍സ്വഭാവികളെയാണ് അന്വേഷിക്കേണ്ടതെന്നും പണത്തിന്റെയും പ്രതാപത്തിന്റെയും സ്വത്തുവഹകളുടെയും പിന്നാലെപ്പോയി കുട്ടികളുടെ ഭാവി നശിപ്പിക്കരുതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
അതേസമയം, വിശുദ്ധ ഖുര്‍ആന്റെ മറവില്‍ ഈയുള്ളവന്‍ സ്വര്‍ണം കള്ളക്കടത്തു നടത്തി എന്നും ഖുര്‍ആനല്ല കിട്ടിയ സ്വര്‍ണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ എന്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോള്‍ വല്ലാതെ മനസ്സ് വേദനിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കെടി ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.