മറ്റത്തൂർ: മറ്റത്തൂർ പഞ്ചായത്തിലെ കോടാലി സെന്ററിലുള്ള ഗ്യാസ് സ്റ്റൗ വിൽപ്പന സർവീസ് സെന്ററായ മജീദ് സ്റ്റോഴ്സിൽ ഗ്യാസ് സിലിൻഡറുകൾ പൊട്ടിത്തെറിച്ച് മൂന്നുനിലക്കെട്ടിടം തകർന്നു. 19 കിലോയുള്ള 4 സിലിണ്ടറുകളും 2 കിലോയുള്ള 5 സിലിണ്ടറുകളുമാണ് പൊട്ടിത്തെറിച്ചത്. നിമിഷ നേരംകൊണ്ടാണ് പരിസരം അഗ്നിഗോളമായത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
ഗ്യാസ് സ്റ്റൗ നന്നാക്കുമ്പോഴാണ് അബദ്ധത്തിൽ തീ പടർന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം, അപകടത്തിൽ ആർക്കും പരിക്കുകൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൊട്ടിത്തെറിയിൽ വലിയ തീഗോളമായി ഉയർന്ന അഗ്നി മൂന്നാംനില വരെയാണ് പടർന്നത്. മുകളിലെ നിലയിൽ പ്രവർത്തിച്ചിരുന്ന യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് സ്ഥാപനം പൂർണമായി കത്തിനശിക്കുകയും ചെയ്തു.
കടയിലുണ്ടായിരുന്ന പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്. കെട്ടിടത്തിൽ തന്നെയുള്ള ചെറിയ തുണിക്കടയും കത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ കെട്ടിടത്തിനു പിറകിലുള്ള രണ്ടുനില കെട്ടിടം വലിയവീട്ടിൽ കോംപ്ലക്സിന്റെ മുൻവശത്തെ ചില്ല് തകരുകയും ചെയ്തു. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി കാത്തിരുന്ന ലിഫ്റ്റും പൂർണമായി കത്തിനശിച്ചു.
രണ്ട് വലിയ സിലിൻഡറുകൾ തീപിടിക്കാതെ അഗ്നിരക്ഷാപ്രവർത്തകർ മാറ്റിയതോടെ വൻ ദുരന്തം ഒഴിവായി. കാലിയായ 12 വലിയ സിലിൻഡറുകളും 15 ചെറിയ സിലിൻഡറുകളും കടയിലുണ്ടായിരുന്നു. പുതുക്കാട്ടുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റും ചാലക്കുടിയിൽനിന്ന് ഒരു യൂണിറ്റും എത്തി ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് തീയണയ്ക്കാൻ സാധിച്ചത്.
Discussion about this post