ആറു വയസ് മാത്രമുള്ള സെയീമിന് തന്റെ അച്ഛനെ പോലെ ബൈക്ക് റൈഡർ ആകണമെന്നാണ് ആഗ്രഹം. ആ ലക്ഷ്യത്തിലേക്കെത്താൻ ചെറുപ്രായത്തിൽ തന്നെ റെയ്സിങ് ട്രാക്കിലേക്കിറങ്ങി. എന്നാൽ കേരളത്തിൽ നടന്ന തന്റെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് തന്നെ സെയീമിന്റെ സാഹസികതയ്ക്ക് ബ്രേക്ക് നൽകേണ്ടി വന്നു.
മഡ് റെയ്സ് പരിശീലനത്തിൽ തന്റെ കുട്ടിയെ പങ്കെടുപ്പിച്ചതിന്റെ പേരിൽ കുട്ടിയുടെ അച്ഛനായ തൃശ്ശൂർ സ്വദേശി ഷാനവാസ് അഹമ്മദിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷാനവാസ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാനവാസ് മനസ് തുറന്നത്.
കേസ് എടുത്തതിനു പിന്നാലെ കഴിഞ്ഞ ദിവസം സെയീമിന്റെ ടോയ് ബൈക്ക് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ബൈക്ക് നഷ്ടപ്പെട്ടതോടെ മകൻ വലിയ സങ്കടത്തിലാണെന്നും ബൈക്ക് തിരികെ കിട്ടാനായി അവൻ കരഞ്ഞ് കാത്തിരിക്കുകയാണെന്നും ഷാനവാസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകാർ സംഘടിപ്പിച്ച മഡ് റെയ്സിങ് പരിശീലനത്തിലാണ് കുട്ടി പങ്കെടുത്തത്. പരിശീലനം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് പോലീസെത്തി റെയ്സിങ് തടഞ്ഞതും നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ചതും. മുതിർന്നവർക്കൊപ്പം കുഞ്ഞൻ ബൈക്കിൽ കുതിച്ചുപായുന്ന സെയീമിന്റെ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഷാനവാസിന്റെ വാക്കുകൾ;
ടോയ് ബൈക്കിന് രജിസ്ട്രേഷൻ ആവശ്യമാണെന്ന കാര്യം അറിയില്ലായിരുന്നു. ബൈക്ക് ഓടിക്കുന്നത് സ്വകാര്യ സ്ഥലത്തായതിനാൽ അതിൽ നിയമലംഘനം ഇല്ലെന്നാണ് കരുതിയത്. ചെയ്തത് തെറ്റാണെങ്കിൽ അതു സമ്മതിക്കാൻ തയ്യാറാണ്. മകനെക്കൊണ്ട് സാഹസികത ചെയ്യിപ്പിച്ചു, അവന് എന്തെങ്കിലും പറ്റിയാൽ ആര് ഉത്തരം പറയുമെന്നാണ് മറ്റുചിലർ ചോദിക്കുന്നത്. സ്‌പോർട്സ് എന്നുപറയുന്നത് സാഹസികത തന്നെയാണ്. എല്ലാ കായിക ഇനങ്ങളിലും അപകടമുണ്ട്.
അച്ഛനെന്ന നിലയിൽ സ്വന്തം മകനുള്ള കഴിവ് പ്രോത്സാഹിപ്പിക്കുകയാണോ അതോ തല്ലിക്കെടുത്തുകയാണോ വേണ്ടത്. ദുബായിയിലും അമേരിക്കയിലുമെല്ലാം മൂന്നും നാലും വയസ്സുള്ള കുട്ടികൾ വരെ ഇത്തരം റേസിങ് ബൈക്കുകൾ ഓടിക്കുന്നുണ്ട്. ഇക്കാര്യം പോലീസുകാരോട് പറഞ്ഞപ്പോൾ കേരളത്തിൽ കാര്യങ്ങൾ ഇങ്ങനെയല്ലെന്നാണ് അവർ മറുപടി പറഞ്ഞത്.
കേരളത്തിലായാലും അമേരിക്കയിലായാലും ദുബായിൽ ആയാലും ജീവൻ ഒന്നുതന്നെയല്ലേ. മൈക്കിൽ ഷൂമാക്കർ നാലാം വയസ്സിലാണ് കാറോടിച്ച് പരിശീലനം തുടങ്ങിയത്. പ്രായപൂർത്തിയായ ശേഷമല്ല ഷുമാക്കർ ചാമ്പ്യനായത്. ആറാം വയസ്സിൽ ആദ്യ പോഡിയം അടിച്ച ആളാണ് അദ്ദേഹം.