തൃശ്ശൂര്‍: കുന്നംകുളത്ത് കാല്‍നട യാത്രികന് കെ സ്വിഫ്റ്റ് ബസ്സിടിച്ച് മരിച്ച കേസില്‍ വഴിത്തിരിവ്. യാത്രികനെ ആദ്യം ഇടിച്ചിട്ടത് ബസ്സല്ല, ആദ്യം പോയ പിക്കപ്പ് വാനാണ് കാല്‍നടയാത്രികനായ തമിഴ്നാട് സ്വദേശിയെ ഇടിച്ചിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.
ആദ്യം ഇടിച്ചത് പിക്കപ്പ് വാനാണ്. അതിന് ശേഷമാണ് സ്വിഫ്റ്റ് ബസ് ഇടിച്ചത്. ബസ്സിന്റെ പിന്നിലെ ടയറാണ് കയറിയത്. അപകടമുണ്ടാക്കിയത് സ്വിഫ്റ്റ് ബസ്സാണെന്ന തരത്തിലാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
തമിഴ്നാട് സ്വദേശിയായ പരസ്വാമിയാണ് ഇന്ന് പുലര്‍ച്ചെ നടന്ന അപകടത്തില്‍ കൊല്ലപ്പെട്ടത്. തൃശ്ശൂര്‍ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം നടന്നത്. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസാണ് പരസ്വാമിയെ ഇടിച്ചത്. ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വേഗതയില്‍ എത്തിയ ബസ്സ് പരസ്വാമിയെ ഇടിക്കുകയായിരുന്നുവെന്ന തരത്തിലാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. അപകടമുണ്ടാക്കിയ ബസ്സ് നിര്‍ത്താതെ പോയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ആദ്യം യാത്രികനെ ഇടിച്ചത് പിക്കപ്പ് വാനായിരുന്നു. ഇടിച്ച് നിലത്ത് വീണ പരസ്വാമിക്ക് മുകളിലൂടെ പിന്നീടാണ് കെ സ്വിഫ്റ്റ് ബസ്സിടിച്ചത്. പരസ്വാമിയുടെ കാലിലൂടെ ബസ്സ് കയറിയിറങ്ങിയെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
അപകടം സ്വിഫ്റ്റിന്റെ ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. പോലീസെത്തിയാണ് പരസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചത്. അപകടവിവരമറിഞ്ഞ് അല്പസമയത്തിനകം പോലീസ് എത്തി പരസ്വാമിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇടിച്ചിട്ട പിക്ക്അപ്പ് വാന്‍ നിര്‍ത്താതെ പോയിരുന്നു. ഇതിന്റെ തൊട്ട്പിറകിലാണ് സ്വിഫ്റ്റ് ബസ് വന്നത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചുകടക്കുന്നിതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
സ്വിഫ്റ്റ് ബസ് ഇയാളുടെ കാലില്‍ കയറി ഇറങ്ങുകയാണെന്നും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് കാലിലും ബസുകള്‍ കയറി ഇറങ്ങിയിട്ടുണ്ട്.
Discussion about this post