കാസര്‍കോട്: നിമിഷപ്രിയയുടെ മോചനത്തിനായി മരണപ്പെട്ട തലാലിന്റെ കുടുംബത്തെ നേരിട്ട് കണ്ട് മാപ്പ് അപേക്ഷിക്കാനൊരുങ്ങി നിമിഷയുടെ അമ്മയും മകളുമടങ്ങുന്ന സംഘം യെമനിലേക്ക്.
യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷയെ കാണാന്‍ അനുമതി തേടി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. നിമിഷ പ്രിയയുടെ അമ്മയും മകളുമടങ്ങുന്ന സംഘമാണ് യെമനിലേക്ക് പോവാനൊരുങ്ങുന്നത്. ഇതിനായി അനുമതിക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് ആക്ഷന്‍ കൗണ്‍സില്‍.
മരിച്ച തലാലിന്റെ കുടുംബത്തെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം. നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരിയും എട്ട് വയസ്സുള്ള മകളും സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിലെ നാല് പേരുമാണ് അനുമതി തേടിയിരിക്കുന്നത്. ജയിലില്‍ നിമിഷ പ്രിയയെ അമ്മയ്ക്കും മകള്‍ക്കും കാണാന്‍ അവസരമൊരുക്കുന്നതിനുമുള്ള ശ്രമവും നടക്കുന്നുണ്ട്.
നിമിഷ പ്രിയയെ രക്ഷിക്കാന്‍ നേരിട്ട് ഇടപെടാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കുടുംബം അവസാനവട്ട ശ്രമമെന്ന നിലയില്‍ യെമനിലേക്ക് പോവുന്നത്.
നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര തലത്തിലുള്ള ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങള്‍ക്ക് സഹായം നല്‍കുമെന്നും എന്നാല്‍ നേരിട്ട് ഈ വിഷയത്തില്‍ ഇടപെടാനില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. കേന്ദ്ര നിലപാട് കണക്കിലെടുത്ത് അപ്പീല്‍ ഹൈക്കോടതി തള്ളുകയും ചെയ്തു.
2017 ജൂലൈ 25ന് യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദി എന്നയാളെ നിമിഷ പ്രിയയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വധശിക്ഷയില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ ഹര്‍ജി യെമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു.
വിചാരണകോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെയായിരുന്നു അപ്പീല്‍. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ വധശിക്ഷ അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു.