ചാരുംമൂട്: കോഴിക്കോട് കോടഞ്ചേരിയിൽ നിന്നും ആലപ്പുഴയിലേക്ക് ഒളിച്ചോടിയ ഷെജിനും ജോയ്‌സനയും വിവാദങ്ങൾ അവസാനിപ്പിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്ത്. കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ് എംഎസ് ഷെജിൻ, കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനിയാണ് ജോയ്സ്ന മേരി ജോസഫ്. ഇരുമതത്തിൽ പെട്ട ഇവരുടെ പ്രണയവും ഒളിച്ചോട്ടവും വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലവ് ജിഹാദ് വിവാദമടക്കം ഉയർന്നതോടെ രാഷ്ട്രീയ ആയുധമാക്കി ബിജെപിയടക്കം രംഗത്തെത്തിയത് ഇരുവർക്കും വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ALSO READ- കൈ നീട്ടം നല്‍കലും കാല് വണങ്ങി അനുഗ്രഹം വാങ്ങലും: സുരേഷ് ഗോപിയ്‌ക്കെതിരെ വിമര്‍ശനം
കെഎസ്ഇബിയിൽ താത്കാലിക ജീവനക്കാരാനായ ഷെജിനും സൗദിഅറേബ്യയിൽ നഴ്സായ ജോയ്സ്നയും മൂന്നുവർഷമായി പരിചയക്കാരാണ്. പ്രണയം തുടങ്ങിയിട്ട് ആറുമാസമായി. ഒന്നരമാസം മുൻപ്, ജോയ്സ്ന സൗദിയിൽനിന്ന് അവധിക്കുവന്നശേഷമാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. ഞായറാഴ്ച വൈകീട്ടാണ് ഇരുവരും താമരക്കുളത്തെത്തിയത്. ഡിവൈഎഫ്‌ഐ കോടഞ്ചേരി കണ്ണോത്ത് മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമാണ് ഷെജിൻ. ഇരുവരുമിപ്പോൾ ആലപ്പുഴ താമരക്കുളത്തെ ബന്ധുവീട്ടിലാണുള്ളത്.
ജോയ്സ്നയെ കാണാനില്ലെന്ന രക്ഷാകർത്താക്കളുടെ പരാതിയിൽ, പോലീസ് അന്വേഷണം തുടങ്ങിയതോടെ ചൊവ്വാഴ്ച താമരശ്ശേരി കോടതി മജിസ്ട്രേറ്റു മുൻപാകെ ഇവർ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോന്നതെന്നു ജോയ്സ്ന പറഞ്ഞതോടെ ഇഷ്ടാനുസരണം ജീവിക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു. തുടർന്നാണു വീണ്ടും താമരക്കുളത്തെ വീട്ടിലെത്തിയത്.
’27 വയസ്സുള്ള ഞങ്ങൾക്കു സ്വന്തമിഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശമുണ്ട്. അവരവരുടെ മതങ്ങളിൽ വിശ്വസിച്ചു മുന്നോട്ടുപോകാനാണു തീരുമാനം. സ്‌പെഷ്യൽ വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നതിന് ഓൺലൈനിൽ അപേക്ഷ നൽകിയിട്ടുണ്ട്. വിവാഹക്കാര്യം പാർട്ടിക്കകത്തു പറയാത്തതു ജാഗ്രതക്കുറവാണ്. സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ സിപിഎം-ഡിവൈഎഫ്‌ഐ പിന്തുണയും തങ്ങൾക്കുണ്ട്. ഇതിനെതിരേ ഒരുനേതാവ് നടത്തിയ അഭിപ്രായം തെറ്റിദ്ധാരണമൂലം ഉണ്ടായതാണ്. വിവാദങ്ങൾ അവസാനിച്ചശേഷമേ ഇനി നാട്ടിലേക്കുള്ളൂ’- ഷെജിൻ പറയുന്നു.
ഇവരുടെ വിവാഹത്തെ ലവ് ജിഹാദെന്നു വിശേഷിപ്പിച്ചു ജോയ്‌സനയുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെയാണു വിവാദക്കാറ്റിന് തുടക്കമായത്. ഈ ആരോണത്തിനൊപ്പം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിന്റെ പരാമർശം കൂടി പുറത്തുവന്നതോടെയാണ് എതിരാളികൾ രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിച്ചത്.
Discussion about this post