തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ആദ്യ യാത്രയില്‍ ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. അപകടത്തില്‍പ്പെട്ട രണ്ട് ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
ഡ്രൈവര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആഭ്യന്തര കമ്മിറ്റിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്നാണ് വിലയിരുത്തല്‍.
സ്വിഫ്റ്റ് സര്‍വ്വീസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നത്. തിരുവനന്തപുരം കല്ലമ്പലത്തും മലപ്പുറം ചങ്കുവെട്ടിയിലുമാണ് കെ-സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നത്.
കല്ലമ്പലത്ത് എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി. പകരം കെ.എസ്.ആര്‍.ടി.സിയുടെ മിറര്‍ സ്ഥാപിച്ചാണ് സര്‍വീസ് തുടര്‍ന്നത്. ചങ്കുവെട്ടിയില്‍ കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസ്സുമായി ഉരസി രണ്ടാമത്തെ അപകടം ഉണ്ടായത്. ബസിന്റെ ഒരു വശത്തെ പെയിന്റ് പോയിരുന്നു.
ദീര്‍ഘദൂര സര്‍വീസ് കമ്പനിയായ കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് ഏപ്രില്‍ 11 മുതലാണ് സര്‍വ്വീസ് ആരംഭിച്ചത്. ബാംഗ്ലൂരിലേക്കുള്ള എ.സി. വോള്‍വോയുടെ നാല് സ്ലീപ്പര്‍ സര്‍വ്വീസുകളും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡര്‍ സര്‍വ്വീസുകളുമാണ് ആദ്യ ദിനം നടത്തിയിരുന്നത്.