തൃശൂര്‍: വിഷുവിനോട് അനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൈനീട്ട നിധി നല്‍കല്‍, ജനങ്ങള്‍ക്ക് കൈ നീട്ടം നല്‍കി അനുഗ്രഹിക്കല്‍ തുടങ്ങിയ പരിപാടിയുമായി തിരക്കിലാണ് നടനും എംപിയുമായ സുരേഷ് ഗോപി. റിസര്‍വ് ബാങ്കില്‍ നിന്ന് വാങ്ങിയ പുത്തന്‍ ഒരു രൂപ നോട്ടുകളുമായാണ് അദ്ദേഹത്തിന്റെ സഞ്ചാരം.
സുരേഷ് ഗോപി ആളുകള്‍ക്ക് വിഷു കൈനീട്ടം നല്‍കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറിലിരിക്കുന്ന സുരേഷ് ഗോപി സ്ത്രീകള്‍ക്ക് കൈ നീട്ടം നല്‍കുകയും സ്ത്രീകള്‍ ഇദ്ദേഹത്തിന്റെ കാല്‍ തൊട്ട് വണങ്ങുന്ന വീഡിയോയുമാണ് പ്രചരിക്കുന്നത്.
അതേസമയം, സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം നല്‍കലിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. പണം നല്‍കി കാല്‍ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയില്‍ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയരുന്ന വിമര്‍ശനം.
ഇതിനിടെ എംപിയുടെ വിഷുക്കൈനീട്ട പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണവുമുണ്ട്. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷു കൈ നീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തതാണ് വിവാദത്തിലായിരുന്നു.
മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്.
കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്തികളില്‍ നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണുള്ളത്.