മൂന്നാർ: വീട്ടിൽ നിന്നും ഒളിച്ചോടി കാമുകനൊപ്പം മൂന്നാറിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളുടെ ശ്രമം. നാട്ടുകാരും പോലീസും ഇടപെട്ട് യുവതിയെ ഒടുവിൽ രക്ഷിച്ചു. മുഖത്ത് സ്പ്രേ അടിച്ച് മയക്കിയശേഷം വാഹനത്തിൽ കടത്തിക്കൊണ്ടുപോകാനായിരുന്നു ബന്ധുക്കളുടെ ശ്രമം. തമിഴ്നാട് ശങ്കരൻകോവിലിലുള്ള 23 വയസ്സുകാരിയെ ആണ് തിങ്കളാഴ്ച രാത്രിയിൽ ബന്ധുക്കൾചേർന്ന് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ആറുമാസം മുമ്പാണ് യുവതി ബന്ധുക്കളറിയാതെ മാട്ടുപ്പട്ടി എസ്റ്റേറ്റ് നെറ്റിമേട് സ്വദേശിക്കൊപ്പം മൂന്നാറിലേക്ക് ഒളിച്ചോടി എത്തിയത്. ഇവർ മാട്ടുപ്പട്ടിയിൽ താമസിച്ചുവരുകയായിരുന്നു. ഈ ബന്ധത്തെ യുവതിയുടെ ബന്ധുക്കൾ എതിർത്തിരുന്നു. തിങ്കളാഴ്ച പകൽ വാഹനത്തിൽ മാട്ടുപ്പട്ടിയിലെ ഇയാളുടെ വീട്ടിലെത്തിയ യുവതിയുടെ സഹോദരിയടക്കമുള്ള ബന്ധുക്കൾ യുവതിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കാമുകന്റെ വീട്ടുകാർ ഈ ആവശ്യം നിഷേധിച്ചു. തർക്കത്തിനൊടുവിൽ വീട്ടിൽനിന്ന് ഇവർ ഇറങ്ങിപ്പോയെങ്കിലും രാത്രി ഏഴിന് വീണ്ടുമെത്തി പെൺകുട്ടിയോട് വീടിനുപുറത്തെത്താൻ ആവശ്യപ്പെട്ടു. പുറത്തുവന്ന യുവതിയുടെ മുഖത്ത് സ്പ്രേയടിച്ച് ബോധംകെടുത്തിയശേഷം വാഹനത്തിൽകയറ്റി കൊണ്ടുപോവുകയായിരുന്നു.
മൂന്നാർ പെരിയവരൈ പാലത്തിന് സമീപത്തെത്തിയപ്പോൾ യുവതിക്ക് ബോധംവീണു. ചതി മനസ്സിലായ യുവതി വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ വഴങ്ങിയില്ല. തുടർന്ന് യുവതി വാഹനത്തിൽനിന്ന് പുറത്തേക്കുചാടി. വീഴ്ചയിൽ യുവതിയുടെ കാലുകൾക്ക് പരിക്കേറ്റു. അതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും പ്രദേശവാസികളും വിവരം പോലീസിനെയറിയിച്ചതിനെ തുടർന്ന് വാഹനം മറയൂർ ഭാഗത്തേക്ക് ഓടിച്ചുപോയി. പിന്നീട് മറയൂർ ഭാഗത്തേക്കുപോയ ബന്ധുക്കൾ മടങ്ങിയെത്തി. തുടർന്ന് ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച നടത്തി. യുവതിക്ക് പ്രായപൂർത്തിയായതിനാൽ യുവാവിനൊപ്പം പോകാൻ അനുവദിച്ചു. സംഭവത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല.
Discussion about this post