പുണ്യറമദാനില്‍ മതമൈത്രിയുടെ പന്തലിട്ട് മനുഷ്യസ്‌നേഹം നിറച്ച് ഇഫ്ത്താര്‍ വിരുന്നൂട്ടി മാതൃകയാവുകയാണ് വളാഞ്ചേരിക്കാരന്‍ പ്രഭാകരന്‍. മൂന്ന് പതിറ്റാണ്ടിലേറെയായി വളാഞ്ചേരി കോട്ടീരി പൊന്നാത്ത് പ്രഭാകരന്‍ റമദാന്‍ നോമ്പ് അനുഷ്ഠിച്ച് വിസ്മയമാകുന്നത്.
മഗ്രിബ് ബാങ്ക് വിളികള്‍ പള്ളികളില്‍ നിന്ന് ഉയരുമ്പോള്‍ പ്രഭാകരന്റെ കോട്ടീരി പൊന്നാത്ത് വീട്ടില്‍ ഒരേ സമയം നിലവിളക്ക് തെളിയും. റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ ആത്മനിര്‍വൃതി അനുഭവിക്കുന്നവര്‍ക്ക് നമസ്‌കരിക്കുന്ന വേദിയുമായി മാറും.
കഴിഞ്ഞ 34 വര്‍ഷമായി റമദാന്‍ വ്രതമെടുക്കുന്ന ആളാണ് പ്രഭാകരന്‍. തുടക്കക്കാലത്ത് വീട്ടുകാരും ബന്ധുക്കളുമൊക്കെ കരുതിയത് വെറുമൊരു കൗതുക നോമ്പെന്നാണ്. കുറച്ചുകഴിഞ്ഞാല്‍ അവസാനിക്കുമെന്നാണ്. പക്ഷേ, അവരുടെ വിചാരങ്ങളെ അപ്പാടെ പിഴുതെടുത്തുകളഞ്ഞു പ്രഭാകരന്റെ നോമ്പിനോടുള്ള പ്രണയം.
വളാഞ്ചേരിയില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുകയാണ് പ്രഭാകരന്‍. എന്നാലും ചെഗുവേര കള്‍ച്ചറല്‍ ഫോറത്തിന്റെ കീഴില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായുണ്ട്. 34 വര്‍ഷത്തിനിടെ അഞ്ചോ ആറോ നോമ്പ് മാത്രമാണ് മുടങ്ങിയിട്ടുള്ളത്.
പ്രഭാകരന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ ഇഫ്ത്താര്‍ സ്നേഹസംഗമത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. സഹോദര മതസ്ഥരുടെ വിശ്വാസത്തില്‍ പങ്കുചേരുന്നതിനൊപ്പം വ്രതാനുഷ്ഠനത്തിലൂടെ മനസിനും ശരീരത്തിനും ഉണര്‍വ് ലഭിക്കുന്നുവെന്നും പ്രഭാകരന്‍ പറയുന്നു.
1988ലാണ് ആദ്യമായി നോമ്പെടുത്തു തുടങ്ങുന്നത്. ഒരു സുഹൃത്തുമായി ഇക്കാര്യം സംസാരിച്ചു. മൂന്നോ നാലോ ദിവസം നോമ്പെടുക്കാം എന്നിട്ട് എങ്ങനെയുണ്ടെന്നു നോക്കാമെന്നു പറഞ്ഞാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് എല്ലാ റമദാനിലും കൃത്യമായി നോമ്പ് എടുക്കും. മനസും ശരീരവും ശുദ്ധീകരിച്ചു പുതിയൊരു അനുഭൂതിയാണ് വ്രതം നല്‍കുന്നതെന്ന് പ്രഭാകരന്‍ പറയുന്നു.
റമദാന്‍ വ്രതം നല്‍കുന്ന അനുഭൂതി ചെറുതല്ല. വിശപ്പും ദാഹവുമെല്ലാം മനസിലാക്കാനുള്ള അവസരമാണിത്. നോമ്പ് തുറക്കുമ്പോഴും ലഘുവായ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ. മിക്കപ്പോഴും സസ്യാഹാരം മാത്രമാകും റമദാനില്‍. ഇനി വരുന്ന കാലങ്ങളിലും ഒരു ദിവസം പോലും ഒഴിവാക്കാതെ റമദാന്‍ വ്രതമെടുക്കുമെന്നാണ് പ്രഭാകരന്‍ പറയുന്നത്.