കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.
നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ ഐജി പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നാണ് വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.
ആലുവയിലുള്ള ദിലീപിന്റെ വീടായ പദ്മ സരോവരത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍പ് കാവ്യയെ ചോദ്യം ചെയ്തത് വെണ്ണലയിലെ സ്വന്തം വീട്ടില്‍ വെച്ചാണ്.
വധഗൂഢാലോചന കേസില്‍ പ്രതികളായ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും സഹോദരന്‍ അനൂപിന്റെയും വീട്ടില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചു. ചോദ്യം ചെയ്യലിനായി നാളെ ആലുവ പോലീസ് ക്ലബില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.
കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇത് മറികടന്ന് ക്രൈംബ്രാഞ്ച് തീരുമാനപ്രകാരം ഇഷ്ടമുള്ള സ്ഥലത്ത് വച്ച് ചോദ്യം ചെയ്താല്‍ കോടതിയില്‍ തിരിച്ചടി ലഭിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.
നടിയെ ആക്രമിച്ച കേസില്‍ കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് പരയാന്‍ സുരാജിന് നിയമപരമായി കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
നടിയെ ആക്രമിച്ച കേസില്‍ സുരാജ് പ്രതിയല്ല. വധ ഗൂഢാലോചന കേസിലാണ് സുരാജ് പ്രതിയായുള്ളതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ അടച്ചിട്ട മുറിയിലാണ് നടക്കുന്നത്. ഈ വിചാരണയുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കാറില്ല. കോടതിയില്‍ ഫയല്‍ ചെയ്യുന്ന രേഖകള്‍ പൊതുയിടത്തില്‍ ലഭ്യമാണ്. പ്രതികള്‍ നല്‍കുന്ന ഹര്‍ജികളിലെ വിവരങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിചാരണക്കോടതിയേക്കുറിച്ച് പ്രോസിക്യൂഷനും പരാതിയുണ്ട്. ഇത് ഹൈക്കോടതിയില്‍ തന്നെ വ്യക്തമാക്കിയതാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.