മഹാരാജാസ് കോളേജിലെ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷ: പിജി, ഡിഗ്രി പരീക്ഷകള്‍ റദ്ദാക്കി

കൊച്ചി: മഹാരാജാസ് കോളേജില്‍ മൊബൈല്‍ വെളിച്ചത്തില്‍ നടന്ന പരീക്ഷ റദ്ദാക്കി.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷകള്‍ റദ്ദാക്കി. മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷയും ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയും ഉള്‍പ്പെടെ നാല് പരീക്ഷകളാണ് റദ്ദാക്കിയത്.

മൊബൈല്‍ ഫോണിന് നിരോധനമുള്ള പരീക്ഷ ഹാളില്‍, മൊബൈല്‍ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള കോളേജ് അധികൃതരുടെ നടപടി. ഗവേണിങ് കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പരീക്ഷ റദ്ദാക്കിയത്.

റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. മഹാരാജാസ് കോളേജില്‍ തിങ്കളാഴ്ച നടന്ന ഒന്നാം വര്‍ഷ ബിരുദ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. വെളിച്ചമില്ലാത്ത ക്ലാസ് മുറിയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതുന്നതിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

മഴക്കാറ് കാരണം വെളിച്ചക്കുറവുണ്ടായതും വൈദ്യുതി മുടങ്ങിയതിനാലും പരീക്ഷാ ഹാളില്‍ ഇരുട്ട് കനക്കാന്‍ കാരണമായി. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫ്ളാഷ് ഉപയോഗിച്ചത്. പരീക്ഷ ഹാളുകളില്‍ മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു വരുന്നതിന് കര്‍ശന വിലക്കുണ്ട്. ഇവ സ്വിച്ച് ഓഫ് ആണെങ്കില്‍ പോലും ഹാളിനുള്ളില്‍ കയറ്റാന്‍ അനുവാദമില്ല.

Exit mobile version