കൊല്ലം: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ഭർത്തൃമാതാവിന്റെ മാനസികപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശവും കണ്ടെടുത്തു. കിഴക്കേ കല്ലട ഉപ്പൂട് അജയഭവനിൽ അജയകുമാറിന്റെ ഭാര്യ സുവ്യ (34)യാണ് ആത്മഹത്യ ചെയ്തത്.
ഭർതൃവീട്ടിൽ നേരിട്ടിരുന്ന മാനസിക പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തനിക്ക് എന്തുസംഭവിച്ചാലും ഉത്തരവാദി ഭർത്താവിന്റെ അമ്മയാണെന്ന് പിതൃസഹോദരിക്കയച്ച ശബ്ദസന്ദേശത്തിൽ സുവ്യ പറയുന്നുണ്ട്. ഭർത്താവിന്റെ അമ്മയിൽനിന്ന് മാനസികപീഡനമുണ്ട്. വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ നിരന്തരം ആവശ്യപ്പെടുകയാണ്. എന്നാൽ ഭർത്താവ് ചിരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഇതിനെതിരേ പ്രതികരിക്കാറില്ലെന്നും യുവതി പറയുന്നു.
സുവ്യ അച്ഛന്റെ സഹോദരി സുജാതയ്ക്കയച്ച വാട്സാപ്പ് ശബ്ദസന്ദേശത്തെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. ഭർത്തൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഇതിൽ പറയുന്നുണ്ട്. ‘നമ്മൾ ഇവിടെ വെറും ഏഴാംകൂലി. രാവിലെമുതൽ എന്നെ ചീത്തവിളിക്കാൻ തുടങ്ങും. അച്ഛനോടും അമ്മയോടും എന്നോട് ക്ഷമിക്കാൻ പറയണം. എനിക്ക് ജീവിക്കാൻ പറ്റാത്തതുകൊണ്ടാണ്. എനിക്കിനി അവിടെവന്ന് നിൽക്കാൻ വയ്യ. മോനെ നോക്കാൻ പറയണം. മോനെ എന്റെ വീട്ടിലാക്കണം. എന്തുസംഭവിച്ചാലും ഇവിടെ നിർത്തരുത്. എനിക്കുവയ്യ, മടുത്തു. സഹിക്കാൻ പറ്റുന്നതിന്റെ പരമാവധിയാണിത്.’- പുറത്തുവന്ന ഓഡിയോ സന്ദേശത്തിൽ സുവ്യ പറയുന്നതിങ്ങനെ. അതേസമയം, സുവ്യ മരിച്ചതിനുശേഷമാണ് ഈ സന്ദേശം ബന്ധുക്കൾ കേൾക്കുന്നത്.
കഴിഞ്ഞ ഓണക്കാലത്ത് ഭർത്താവ് അജയകുമാർ മർദിച്ചതിനെ തുടർന്ന് സുവ്യയെ സഹോദരൻ വിഷ്ണു കൂട്ടിക്കൊണ്ടുപോന്നിരുന്നു. രണ്ടുമാസത്തോളം വീട്ടിൽനിന്ന സുവ്യയെ ഇനി പ്രശ്നങ്ങൾ ഒന്നുമുണ്ടാക്കില്ലെന്ന് ഉറപ്പുനൽകി അജയകുമാർ വിളിച്ചുകൊണ്ടു പോകുകയായിരുന്നു.
പിന്നീട് കടയ്ക്കോട് മാടൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വീട്ടിൽവന്ന സുവ്യ ശനിയാഴ്ചയാണ് തിരികെപ്പോയത്. സുവ്യ ആത്മഹത്യചെയ്തെന്ന് ഞായറാഴ്ച രാവിലെ ഒൻപതിന് സഹോദരൻ വിഷ്ണുവിനെ ഭർതൃവീട്ടുകാർ വിളിച്ചറിയിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: സുവ്യയും ഭർതൃമാതാവുമായി ഞായറാഴ്ച രാവിലെയും വാക്കുതർക്കമുണ്ടായി. ഇതിനുപിന്നാലെ മുറിയിൽക്കയറി സുവ്യ വാതിലടച്ചു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്തൃവീടായ കിഴക്കേ കല്ലട ഉപ്പൂട് അജയഭവനിൽ ഞായറാഴ്ച എട്ടുമണിക്കാണ് സുവ്യയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയത്. 2014 ജൂലായ് ഏഴിനായിരുന്നു സുവ്യയും അജയകുമാറും തമ്മിലുള്ള വിവാഹം. എംസിഎ പഠനം പൂർത്തിയാക്കിയ സുവ്യക്ക് സ്ഥിരംജോലിയില്ലായിരുന്നു. ഈ കാരണത്താൽ അജയകുമാറിന്റെ അമ്മ വിജയമ്മ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്ന് സുവ്യയുടെ ബന്ധുക്കൾ പറയുന്നു.
സുവ്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ശബ്ദസന്ദേശത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കിഴക്കേ കല്ലട എസ്എച്ച്ഒ സുധീഷ് കുമാർ അറിയിച്ചു.
മൃതദേഹപരിശോധനയ്ക്കുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കടയ്ക്കോട്ടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. അച്ഛൻ: കെ സുഗതൻ. അമ്മ: അമ്പിളി. ആറുവയസ്സുകാരൻ ശ്രീപാദ് മകനാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post