കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംസി ജോസഫൈന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവാണ് ജോസഫൈന്‍ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ ഇരുപത്തിമൂന്നാം കോണ്‍ഗ്രസ്സില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സഖാവിന് ഹൃദയാഘാതമുണ്ടായത്. വിദ്യാര്‍ഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളില്‍ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യമുണ്ട്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് വനിതകള്‍ക്ക് കടന്നുവരാന്‍ കുടുംബപരവും സാമൂഹ്യപരവുമായി ഒത്തിരി എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിരുന്ന കാലത്താണ് ജോസഫൈന്‍ സിപിഎമ്മിലേക്കെത്തുന്നത്. അവിടന്നങ്ങോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യോഗങ്ങളില്‍ ജോസഫൈന്‍ കത്തിക്കയറുകയായിരുന്നു. ജില്ലയുടെ കിഴക്കന്‍ കാര്‍ഷികമേഖലയിലും പടിഞ്ഞാറന്‍ തീരമേഖലയിലുമൊക്കെ സഞ്ചരിച്ച് മഹിളാ അസോസിയേഷന്‍ കെട്ടിപ്പടുത്ത ജോസഫൈന്‍ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുവരെയായി ഉയര്‍ന്നു.
പുരോഗമനവാദികളായ കോണ്‍ഗ്രസുകാര്‍ എംഎ ജോണിന്റെ നേതൃത്വത്തില്‍ പരിവര്‍ത്തനവാദികളായി പ്രവര്‍ത്തിക്കുന്ന കാലത്ത് ജോസഫൈന്‍ പാരലല്‍ കോളജ് അധ്യാപികയായിരുന്നു. ഭര്‍ത്താവ് പിഎ മത്തായിയും അക്കാലത്ത് പരിവര്‍ത്തനവാദി കോണ്‍ഗ്രസിലായിരുന്നു. വൈപ്പിന്‍ മുരിക്കുംപാടത്തു നിന്ന് വിവാഹിതയായി അങ്കമാലിയില്‍ എത്തിയ എംസി ജോസഫൈന്‍ അന്നേ മികച്ച വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു.
വിദ്യാര്‍ഥിയായിരിക്കെ തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളോട് കൂറുപുലര്‍ത്തിയ ജോസഫൈനെയും മത്തായിയെയും സിപിഎമ്മിന്റെ പ്രധാന പ്രവര്‍ത്തകരാക്കാന്‍ പരേതനായ മുന്‍ സ്പീക്കര്‍ എപി കുര്യനാണ് മുന്‍കൈയെടുത്തത്.
ജോസഫൈന്‍ സിപിഎം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചില്‍ അംഗമാവുന്നത് 1978ലാണ്. 2002 മുതലാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായത്. എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശേരി മെഡിക്കല്‍ കോളജിന് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ജോസഫൈന്‍, പാര്‍ട്ടിയുടെ നയങ്ങളില്‍ എതിര്‍പ്പറിയിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വനിതാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ജോസഫൈന്‍.
എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും. എകെജി ആശുപത്രിയിലെത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അര്‍പ്പിക്കും. നേതാക്കള്‍ ചേര്‍ന്ന് ചെങ്കൊടി പുതപ്പിക്കും. തുടര്‍ന്ന് വിലാപ യാത്രയായി മൃദേഹം കൊച്ചിയിലെത്തിക്കും.
രാത്രിയോടെയാകും മൃതദേഹം അങ്കമാലിയിലെ വീട്ടിലെത്തുക. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം രാവിലെ 8 മണിയോടെ അങ്കമാലി സിഎസ്ഐ ഓഡിറ്റോറിയത്തിലേക്ക് മാറ്റും. അവിടെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. ഉച്ചയ്ക്ക് ഒരു മണിയോടെ വിലാപയാത്രയായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് നല്‍കും.
Discussion about this post