മലപ്പുറം: മുതിർന്ന ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ച് സൂചന ലഭിച്ചു. അരീക്കോട് സ്പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിൽനിന്ന് കാണാതായ പോലീസുകാരൻ മുബഷിർ തമിഴ്നാട്ടിലുണ്ടെന്ന് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.
വടകര കോട്ടപ്പള്ളി സ്വദേശിയായ എംഎസ്പി ബറ്റാലിയൻ അംഗം മുബഷിറിനെ വെള്ളിയാഴ്ചയാണ് കാണാതായത്. മുബഷിറിന്റെ പേരിൽ കണ്ടെത്തിയ കത്തിൽ ക്യാമ്പിലെ മാനസികസമ്മർദം, മേലുദ്യോഗസ്ഥരുടെ പ്രതികാരനടപടികൾ എന്നിവയെ കുറിച്ചുള്ള സൂചനകൾ ഉണ്ട്. ഇതിനിടെ, ഭർത്താവിനെ മാനസിക ആഘാതമേൽപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഷാഹിന വടകര റൂറൽ എസ്പിക്ക് പരാതി നൽകി. നേരത്തെ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ കുറിച്ച് തന്നോട് സംസാരിച്ചിരുന്നുവെന്ന് മുബഷിറിന്റെ ഭാര്യ പറഞ്ഞു.
കഴിഞ്ഞ നാലരവർഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് മുബഷിർ. ക്യാമ്പിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് പറയുന്ന മുബഷിറിന്റെ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉദ്യോഗസ്ഥർ നിരന്തരമായി പീഡിപ്പിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ പേരും കത്തിൽ എടുത്തുപറയുന്നുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
also read- മൂന്നുപേർ ചേർന്ന് ടിക്കറ്റെടുത്തു; കൂടെ പോന്നത് കാരുണ്യയുടെ ഒന്നാംസമ്മാനമായ 80 ലക്ഷം!
പരാതി നൽകിയതിന് തന്നെ ദ്രോഹിക്കുകയാണ്. തനിക്ക് നീതി കിട്ടില്ല എന്നുറപ്പായതോടെയാണ് താൻ ജോലി ഉപേക്ഷിച്ച് സ്വയം പോകുകയാണെന്നും കത്തിലുണ്ട്. സംഭവത്തിൽ അരീക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post