കൂത്താട്ടുകുളം: ഇന്നലെ നറുക്കെടുപ്പ് നടന്ന കേരളസർക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മൂന്നു പേർക്ക്. മൂവർസംഘം ചേർന്നെടുത്ത ടിക്കറ്റിന് സമ്മാനമടിച്ചതോടെയാണ് മൂന്ന് വിജയികളെ ലഭിച്ചിരിക്കുന്നത്.
കൂത്താട്ടുകുളം ദേവമാതാ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന സൗഭാഗ്യ ലക്കി സെന്റർ ഉടമ പാലക്കുഴ കോഴിപ്പിള്ളി പാലപ്പതടത്തിൽ സാബു, മംഗലത്തുത്താഴം ചൊള്ളാലിൽ ജോബി, ദേവമാത അംബേദ്കർ കോളനി കുന്നുമ്മേൽ സിജു ഏബ്രഹാം എന്നിവർ ഒരുമിച്ചെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
സൗഭാഗ്യ ലക്കി സെന്ററിൽ വിറ്റുപോകാത്ത മൂന്നു ടിക്കറ്റുകൾ ഇവർ എടുക്കുകയായിരുന്നു. കാരുണ്യ ലോട്ടറിയുടെ കെജി 544 എന്ന സീരീസിലുള്ള 75 56 08 എന്ന ടിക്കറ്റിനാണു ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനം ലഭിച്ചത്.