ന്യൂഡൽഹി: വായ്പാ തട്ടിപ്പ് കേസിൽ പ്രമുഖ വ്യവസായ ഗ്രൂപ്പായ അറ്റ്ലസ് ജ്വല്ലറിയുടെ ഡയറക്ടർമാരായ അറ്റ്ലസ് രാമചന്ദ്രന്റേയും ഭാര്യ ഇന്ദിരാ രാമചന്ദ്രന്റേയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 57.45 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
രണ്ടുപേരുടേയും കൈവശമുണ്ടായിരുന്ന സ്വർണ്ണം, വെള്ളി, വജ്രം, ബാങ്ക് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ എന്നിവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടും. 2002ലെ കള്ളപ്പണ വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് നടപടി. 2013നും 2018നും ഇടയിലെ 242.40 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയതായാണ് കേസ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ റൗണ്ട് സൗത്ത് ശാഖയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പു നടന്നത്.
പ്രതികൾ കെട്ടിച്ചമച്ച രേഖകൾ നൽകിയാണ് വായ്പ സ്വന്തമാക്കിയതെന്നും വായ്പ തുകയായ 242.40 കോടി രൂപ തിരിച്ചടച്ചില്ലെന്നും ഇഡി കണ്ടെത്തി. കേരളാ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഇഡി ഏറ്റെടുക്കുകയായിരുന്നു.
ബിസിനസ് ആവശ്യങ്ങൾക്കായി എടുത്ത വലിയ തുകയുടെ വായ്പയിൽ നിന്നും നൂറു കോടി രൂപ ഡൽഹിയിലെ അറ്റ്ലസ് ജ്വല്ലറി ശാഖയുടെ ഷെയറുകൾക്കായി ചെലവാക്കിയതായും 14 കോടി രൂപ ഡൽഹിയിലെ തന്നെ ആക്സിസ് ബാങ്കിൽ നിക്ഷേപിച്ചതായും കണ്ടെത്തി. മുംബൈയിൽ നിന്നും ബംഗളൂരുവിൽ നിന്നുമായി 12.59 കോടി രൂപ കണ്ടെത്തിയതായാണ് ഇഡി അറിയിക്കുന്നത്.