നെല്ലിയാമ്പതി കാണാനെത്തിയ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആലത്തൂർ വാനൂർ കോട്ടപ്പറമ്പ് വീട്ടിൽ അമൃത (24), ഭർത്താവ് അർജുൻ (30) എന്നിവർക്കാണു പരിക്കേറ്റത്. നട്ടെല്ലിനു സാരമായി പരിക്കേറ്റ അമൃതയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപായിരുന്നു ഇവരുടെ വിവാഹം.
ഇന്നലെ രാവിലെ 8നു കാരപ്പാറ തൂക്കുപാലം കാണാൻ ബൈക്കിൽ പോകുമ്പോൾ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടു. നൂറടി കാരപ്പാറ റോഡിൽ കരടി ആറ്റുപാടി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ വളവിലാണു സംഭവം നടന്നത്. മുന്നിലൂടെ ഒരാന ആദ്യം റോഡ് കുറുകെ കടക്കുന്നതു കണ്ടപ്പോൾ വാഹനം നിർത്തി. എന്നാൽ പുറകിൽ മറ്റൊരു ആന വരുന്നത് ശ്രദ്ധിക്കാതെ പോയി.
പുറകിലൂടെ വന്ന വാഹനം കാട്ടാന തട്ടിത്തെറിപ്പിച്ചതോടെ ഇരുവരും തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയിൽ അമൃതയുടെ നട്ടെല്ലിനു ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതുവഴി വന്ന തോട്ടം തൊഴിലാളികൾ ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
അതേസമ.ം, നെല്ലിയാമ്പതിയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രാസമയത്തിൽ നിയന്ത്രണം കർശനമാക്കിയതായി പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റർ ബി.സജയകുമാർ അറിയിച്ചു. ചെക്ക് പോസ്റ്റിൽ നിന്നു രാവിലെ 7നു ശേഷമേ വിനോദസഞ്ചാരികളെ കടത്തിവിടൂ. ഉച്ചയ്ക്കു 3നു ശേഷം പ്രവേശനം അനുവദിക്കില്ല.