സൗഹൃദത്തിന് അതിരുകളില്ലെന്നും ആണും പെണ്ണും എന്ന വ്യത്യാസമില്ലെന്നും തെളിയിച്ച സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയാണ് സോഷ്യല്‍ ലോകത്ത് നിറഞ്ഞുനിന്നിരുന്നത്. വൈകല്യം കാലുകളെ തളര്‍ത്തിയപ്പോഴും തന്നെ തളരാന്‍ വിട്ടുകൊടുക്കാത്ത അലിഫിന്റെ സൗഹൃദവലയമാണ് വൈറലാകുന്നത്.
സുഹൃത്തുക്കളുടെ തോളിലേറി ക്യാംപസിലെത്തിയ അലിഫ് മുഹമ്മദിന്റെ ചിത്രമായിരുന്നു അത്. ശാസ്താംകോട്ട ഡിബി കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ അലിഫ് സഹപാഠികളായ ആര്യയുടേയും അര്‍ച്ചനയുടേയും തോളിലേറി കോളേജ് ഡേയ്ക്ക് ക്യാംപസിലേക്ക് വരുന്ന ചിത്രമായിരുന്നു തരംഗമായത്.
എന്നാല്‍ ഇനി മുതല്‍ അലിഫിന് സ്വന്തം സ്‌കൂട്ടറില്‍ തന്നെ കോളേജില്‍ എത്താം.
സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയാണ് മുച്ചക്ര ഹോണ്ട സ്‌കൂട്ടര്‍ അലിഫിനായി ഒരുക്കിയത്. ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അലി വാഹനം അലിഫിന് സമ്മാനിച്ചു. സിആര്‍ മഹേഷ് എംഎല്‍എയുമൊത്താണ് ആര്യാടന്‍ ഷൗക്കത്ത് അലിഫിനെ വീട്ടില്‍ ചെന്നുകണ്ടത്.
അലിഫ് ഇത്രയും കാലം കോളേജിലെത്തിയത് സഹപാഠികളുടെ സഹായത്തോടെയാണ്. ഇനി സ്വന്തം സ്‌കൂട്ടറോടിച്ച് കോളേജിലെത്തും. സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റി അലിഫിനായി ഒരുക്കിയിരിക്കുന്നത് മുച്ചക്ര ഹോണ്ട സ്‌കൂട്ടറാണ്. ശാസ്താംകോട്ട ഡി ബി കോളേജിലെ ബികോം വിദ്യാര്‍ത്ഥിയായ അലിഫിനെ സുഹൃത്തുക്കളായ ആര്യയും അര്‍ച്ചനയും തോളിലേറ്റുന്ന ചിത്രം പകര്‍ത്തിയത് സീനിയറായ ജഗന്‍ തുളസീധരനാണ്.
സന്തോഷ നിമിഷത്തെ കുറിച്ച് സിആര്‍ മഹേഷ് എംഎല്‍എ കുറിച്ചതിങ്ങനെ:
സ്നേഹ ചുമലില്‍ സഞ്ചരിച്ച അലിഫ് മുഹമ്മദ് ഇനി അവന്റെ സ്വപ്ന വാഹനത്തില്‍ ഇഷ്ടത്തോടെ സഞ്ചരിക്കട്ടെ… അതെ അവന് മുച്ചക്ര വാഹനവുമായി ആര്യാടന്‍ ഷൗക്കത്ത് എത്തി. ഇന്നലെകളില്‍ സന്തോഷത്തോടെ ചുമലില്‍ ഏറ്റിയ ആ ചിത്രം പുറം ലോകത്ത് എത്തിച്ച സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ആ ഇഷ്ടം നിറവേറ്റി.
വാഹനം അധിക ചക്രങ്ങള്‍ സ്ഥാപിച്ച് പത്തു ദിവസത്തിനകം അവന് കൈമാറുമെന്ന് ഹോണ്ട ഷോറൂം അധികൃതര്‍ അറിയിച്ചു. നിര്‍മ്മിതി അല്ലാത്ത നിമിത്തമാണ് പലപ്പോഴും ജീവിതത്തിനു നിറം നല്‍കുന്നത് ആ നല്ല മനസ്സുകളുടെ സ്വപ്നങ്ങള്‍ക്ക് ദൈവം നിറം നല്‍കട്ടെ…..