മാനന്തവാടി: മാനന്തവാടി ആർടി ഓഫീസിലെ ഭിന്നശേഷിക്കാരിയായ ജീവനക്കാരി സിന്ധു വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തു. സിന്ധുവിന്റെ ഡയറിയും കണ്ടെത്തിയിട്ടുണ്ട്.
9 വർഷമായി മാനന്തവാടി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലാണു സിന്ധു ജോലി ചെയ്തിരുന്നത്. സിന്ധുവിനെ ഓഫീസിൽ ഉദ്യോഗസ്ഥർ പരസ്യമായി അപമാനിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് പറഞ്ഞു. നേരിൽ കണ്ടവർ ഇത് അറിയിച്ചിരുന്നു. സിന്ധു കരയുന്നത് കണ്ടവരുണ്ടെന്നും പ്രദീപ് പറഞ്ഞു.
ഓഫീസിലെ ഉദ്യോഗസ്ഥരിൽനിന്നുണ്ടായ മാനസിക പീഡനത്തെ കുറിച്ച് ഡയറിയിൽ പറയുന്നുണ്ട്. ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നു ഭയന്നിരുന്നെന്നും സിന്ധു ഡയറിയിൽ പറയുന്നു. സഹപ്രവർത്തകരുടെ പേരുകൾ ഉൾപ്പെടെ പരാമർശിച്ചാണ് കുറിപ്പ്. ഇന്നലെ രാവിലെയാണ് സിന്ധുവിനെ വീട്ടിലെ മുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അവിവാഹിതയായ സിന്ധു, സഹോദരന്റെ വീട്ടിലാണു താമസിച്ചിരുന്നത്. മുറിയിൽ നിന്നു 2 ആത്മഹത്യാക്കുറിപ്പുകൾ ലഭിച്ചിരുന്നു. ഓഫിസിലെ ചില സഹപ്രവർത്തകരിൽ നിന്നുണ്ടായ മാനസിക പീഡനം മൂലമുള്ള ആത്മഹത്യയാണെന്നു ബന്ധുക്കൾ പറഞ്ഞു. കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തതു കാരണം ചില മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നതായും ഒറ്റപ്പെടുത്തുന്നതായും സിന്ധു പല തവണ പറഞ്ഞതായി സഹോദരൻ നോബിൾ പറഞ്ഞു.
സിന്ധുവിന്റെ മരണത്തിൽ സർക്കാർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. മോട്ടോർ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണർ വിഷയം അന്വേഷിക്കും. കൽപ്പറ്റയിലെത്തി തെളിവെടുപ്പ് നടത്തും. മാനന്തവാടി സബ് ഓഫീസ് ചുമതലയുള്ള ജോയിന്റ് ആർടിഒ വിനോദ് കൃഷ്ണയോട് വിശദീകരണം തേടും. പോലീസ് സിന്ധുവിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിക്കും.
അതേസമയം, ഓഫീസിലെ ചില പ്രശ്നങ്ങൾ സിന്ധു ഉൾപ്പെടെ 6 പേർ കഴിഞ്ഞ ഞായറാഴ്ച ആർടിഒയെ നേരിൽ കണ്ട് പറഞ്ഞിരുന്നുവെന്ന് വയനാട് ആർടിഒ ഇ മോഹൻദാസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാനന്തവാടി ഓഫീസിൽ സുഖമമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു. സിന്ധു അടക്കമുള്ള ജീവനക്കാർ ഓഫീസിലെ ചില പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നുവെന്നും എന്നാൽ രേഖാമൂലം പരാതിയൊന്നും നൽകിയിട്ടില്ലെന്നും വയനാട് ആർടിഒ പറഞ്ഞു.