മഞ്ചേരി: സഹോദരി മരിച്ചതിന്റെ ദുഃഖം മാറും മുമ്പേ സഹോദരൻ വാഹനാപകടത്തിൽ മരിച്ചതിന്റെ ആഘാതത്തിലാണ് കുടുംബം. മഞ്ചേരി തൃക്കലങ്ങോട് 32ലാണ് സ്വകാര്യ ബസും ടിപ്പർ ലോറിയു ജീപ്പും കൂട്ടിയിടിച്ച് ലോറി ഡ്രൈവറായ മടത്തൊടി ബാലകൃഷ്ണൻ മരിച്ചത്. സഹോദരി രാധ രണ്ടാഴ്ച മുമ്പാണ് നെഞ്ചുവേദനയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയിലാണ് രാധ മരിച്ചത്. ഈ ദുഃഖത്തിൽ നിന്ന് വീട്ടുകാർ കരയറും മുൻപേയാണ് ബാലകൃഷ്ണനെയും വിധി തട്ടിയെടുത്തത്.
പരേതരായ ഇണ്ണിക്കുട്ടി-ജാനകി ദമ്പതികളുടെ മകനാണ് ബാലകൃഷ്ണൻ. ഏറെക്കാലമായി ലോറിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കെട്ടിടത്തിന്റെ കോൺക്രീറ്റ് കഴിഞ്ഞു തിരിച്ചുവരുമ്പോഴായിരുന്നു അപകടം നടന്നത്. തൊഴിലാളികളും കോൺക്രീറ്റ് മിക്സിംഗ് യന്ത്രവും മറ്റു ഉപകരണങ്ങളും ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്ന തൊഴിലാളികളിൽ ചിലർ പുറത്തേക്ക് തെറിച്ചുവീണു. ബാലകൃഷ്ണനെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടം നടക്കുമ്പോൾ മഴയുണ്ടായിരുന്നു.
ഗുരുതര പരിക്കേറ്റ ബാലകൃഷ്ണനെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ബസിന്റെയും ലോറിയുടെയും ജീപ്പിന്റെയും മുൻഭാഗം പൂർണമായി തകർന്നു. ബസിലെ യാത്രക്കാരെ പുറത്തിറക്കിയതും വാതിൽ പൊളിച്ചാണ്.
ബസിന്റെ മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ അപകടമൊഴിവാക്കാൻ വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയതാണ് അപകട കാരണം. അഗ്നിരക്ഷാ സേനയും, നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Discussion about this post