കഞ്ചിക്കോട്: ദേശീയപാത ചടയൻകാലായിൽ ചരക്കു ലോറി സ്കൂട്ടറിൽ ഇടിച്ച് റോഡിലേക്കു തെറിച്ചുവീണ ഇരട്ടസഹോദരങ്ങൾക്ക് ദാരുണാന്ത്യം. റോഡിലേയ്ക്ക് തെറിച്ചു വീണ ഇവരുടെ ശരീരത്തിലൂടെ മറ്റൊരു ലോറി കയറി ഇറങ്ങുകയായിരുന്നു. ഇരുവരും തൽക്ഷണമാണ് മരണപ്പെട്ടത്. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ (35), ദീപു ജോൺ ജോൺ (35) എന്നിവരാണു മരിച്ചത്.
നടന് ശ്രീനിവാസന് വെന്റിലേറ്ററില്‍
ഇന്നലെ രാത്രി പത്തരയോടെ കഞ്ചിക്കോട് ഐടിഐക്കു മുന്നിലായിരുന്നു ദാരുണമായ അപകടം നടന്നത്. ഇരുവരും സോളർ പ്ലാന്റ് സ്ഥാപിക്കുന്ന എൻജിനീയർമാരാണ്. ജോലി ആവശ്യത്തിനു കോയമ്പത്തൂരിലെത്തിയ ഇവർ വീട്ടിലേക്കു മടങ്ങവെയായിരുന്നു അപകടം. സ്കൂട്ടർ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്കു കയറുന്നതിനിടെ ലോറി ഇടിച്ചിടുകയായിരുന്നു. ഈ ലോറി നിർത്താതെ പോവുകയും ചെയ്തു. ഈ സമയം, ഇരുവരും റോഡിലേക്കു തെറിച്ചു പിന്നാലെയെത്തിയ മറ്റൊരു ലോറിക്കടിയിൽ പെടുകയായിരുന്നു.
തിരുച്ചിറപ്പള്ളിയിലെ അരിയല്ലൂരിൽ നിന്നു കൊച്ചിയിലേക്കു സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകടത്തെത്തുടർന്നു ദേശീയപാതയിൽ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ദീപക് മാത്യുവിന്റെ ഭാര്യ ജിൻസി. മകൻ: ആരോൺ. അതേസമയം, ആദ്യം സ്കൂട്ടറിൽ ഇടിച്ച ലോറി കണ്ടെത്താനായിട്ടില്ല.
Discussion about this post