ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് ലാബുകളിലും പുറത്തെ സ്വകാര്യലാബിലുമടക്കം നടത്തിയ പരിശോധനകൾ മൂന്ന് ഫലം തന്നതോടെ ഞെട്ടലിൽ ഡോക്ടർമാരും രോഗിയും. ഏത് ഫലമാണ് ശരിയെന്ന് അറിയാതെ തലപുകയ്ക്കുകയാണ് ഡോക്ടർമാർ.
തലയോലപ്പറമ്പ് സ്വദേശിനിയായ ഇരുപത്തിയേഴുകാരി വയറുവേദനയെ തുടർന്ന് കഴിഞ്ഞ 23നാണ് മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗത്തിലെത്തിയത്. ഡോക്ടറെ കണ്ടപ്പോൾ സ്കാനിങിന് നിർദേശിച്ചു. 27ന് പരിശോധനാ ഫലവുമായി എത്തിയപ്പോൾ ഗാസ്ട്രോ വിഭാഗത്തിലേക്ക് പരിശോനയ്ക്ക് അയച്ചു. പരിശോധനയിൽ കരൾ വീക്കം കണ്ടെത്തി. തുടർന്ന് കരളിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ എസ്ജിഒടി, എസ്ജിപിടി എന്നീ രണ്ടു പരിശോധനകൾ നടത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന ഫലം ലഭിച്ചത്.
മെഡിക്കൽ കോളജിലെ പൊടിപാറ ലാബിൽ നൽകിയ സാംപിളിന്റെ പരിശോധനാഫലം 30ന് കിട്ടിയപ്പോൾ യുവതി വീണ്ടും ഡോക്ടറെ കണ്ടു. ഇവിടെ നിന്ന് കിട്ടിയ പരിശോധനാഫലത്തിലെ എസ്ജിഒടി നോർമൽ റേറ്റ് 2053 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഫലം കണ്ടതോടെ രോഗി അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുമല്ലോയെന്ന് കരുതി വിവരം അന്വേഷിച്ചപ്പോഴാണ് ഡോക്ടറുടെ സമീപത്ത് മറ്റ് കുഴപ്പമൊന്നുമില്ലാതെ നിൽക്കുന്നതാണ് രോഗിയെന്ന് അറിഞ്ഞത്.
എസ്ജിഒടി, എസ്ജിപിടി നോർമൽ റേറ്റ് പല ലാബുകളിലും വ്യത്യസ്തമാണെങ്കിലും ശരാശരി നാൽപതിന് താഴെ നിൽക്കണമെന്നാണ്. എന്നാൽ പൊടിപാറ ലാബിൽ നിന്നും ലഭിച്ചഫലം 2053 ആയിരുന്നു. ഇതനുസരിച്ച് രോഗി ജീവിച്ചിരിക്കില്ല. അതിനാൽ തന്നെ വീണ്ടും പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചു. തുടർന്ന് മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ തന്നെയുള്ള അർദ്ധ സർക്കാർ സ്ഥാപനമായ ലാബിൽ പരിശോധനയ്ക്ക് നൽകി. അവിടെ നിന്നും കിട്ടിയ എസ്ജിഒറ്റി ഫലം വെറും 23.
പിന്നീട് കൂടുതൽ കൃത്യത വരുത്താൻ ഒരിക്കൽകൂടി പരിശോധന നടത്താൻ ഡോക്ടർ തീരുമാനിക്കുകയും ആശുപത്രിക്ക് പുറത്തുള്ള ഒരു സ്വകാര്യ ലാബിൽ സാമ്പിളുകൾ നൽകുകയും ചെയ്തു. അവിടെ നിന്നുള്ള എസ്ജിഒറ്റി ഫലം 18 ആയിരുന്നു. ഇതിൽ ഏതാണു ശരിയെന്ന് കണ്ടത്താനുള്ള തത്രപ്പാടിലാണ് ഇപ്പോൾ ഡോക്ടർമാർ.
പരിശോധനാ ഫലങ്ങൾ പലതരത്തിൽ വന്നപ്പോൾ വിവരം തിരക്കിയ ബന്ധുക്കളോട് മഞ്ഞപ്പിത്തം ഉണ്ടാകാമെന്നും വേണമെങ്കിൽ ഒന്നുകൂടി പരിശോധിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ, തെറ്റായ പരിശോധനാഫലം നൽകിയ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് പരാതി നൽകുമെന്ന് രോഗിയുടെ ബന്ധുക്കൾ അറിയിച്ചു.
Discussion about this post