ആലുവ: വാഹനമിടിച്ച് മരണമടഞ്ഞ വൃദ്ധയുടെ സ്വർണമാല മോഷ്ടിച്ചയാളെയും ഇടിച്ച വാഹനമോടിച്ച ഡ്രൈവറും അറസ്റ്റിൽ. മാലമോഷ്ടിച്ച ആലുവ അമ്പാട്ടുകാവ് മാങ്കായിപ്പറമ്പ് വീട്ടിൽ അനിൽകുമാർ (46), ഡ്രൈവർ പൊയ്ക്കാട്ടുശേരി ചുണ്ടംതുരുത്തിൽ അഭിരാം (22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 30ആം തീയതി ഉച്ചയ്ക്ക് 12 മണിയോടെയാണ് അമ്പാട്ടുകാവിൽ വച്ച് പത്തനംതിട്ട കൈപ്പട്ടൂർ ചങ്ങിയേത്ത് വീട്ടിൽ വിശ്വനാഥ ചെട്ടിയാരുടെ ഭാര്യ തുളസിഅമ്മാൾ (65) ആണ് വാഹനാപകടത്തിൽ മരിച്ചത്.
അമിതവേഗതയിൽ എത്തിയ വാഹനം തുളസിഅമ്മാളിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. അമ്പാട്ടുകാവിന് സമീപം താമസിക്കുന്ന സഹോദരി മഹേഷ്ഭവനിൽ സരസമ്മാളിന്റെ വസതിയിലേക്ക് വരുന്ന സമയത്തായിരുന്നു അപകടം നടന്നത്. ബസ് ഇറങ്ങിയശേഷം നടക്കുന്നതിനിടെ പിന്നിൽനിന്നുവന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലെത്തിക്കാൻ അനിൽകുമാർ മുന്നോട്ടുവരികയും അതുവഴി ന്ന കാറിൽ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു.
യാത്രാമദ്ധ്യേ വൃദ്ധ മരണമടഞ്ഞു. മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പ്രത്യേക പൊലീസ് ടീം നടത്തിയ അന്വേഷണമാണ് സംഭവത്തിൽ വഴിത്തിരിവായത്. പരിക്കേറ്റ് കിടക്കുമ്പോൾ വൃദ്ധയുടെ കഴുത്തിൽ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോൾ മാല ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് ആശുപത്രിയിലെത്തിക്കാൻ രംഗത്തുവന്ന ആളിലേക്ക് അന്വേഷണം നീണ്ടതും പ്രതി പിടിയിലാകുന്നതും.
യാത്രാമദ്ധ്യേ ഇയാൾ വൃദ്ധയുടെ മാല ഊരിയെടുക്കുകയായിരുന്നു. ഇടിച്ച എയ്ഷർ വാഹനവുമായി ഡ്രൈവർ ഊടുവഴികളിലൂടെ കയറി പാതാളം ഏലൂർവഴിയാണ് രക്ഷപ്പെട്ടത്. ശേഷം, നടത്തിയ അന്വേഷണത്തിനൊടുവിൽ തൃപ്പൂണിത്തുറയിൽനിന്ന് ഡ്രൈവറെയും വാഹനവും കസ്റ്റഡിയിലെടുത്തു.
Discussion about this post