ശ്രീകണ്ഠപുരം: ഓൺലൈനിൽ ചുരിദാർ ബുക്ക് ചെയ്ത യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ജാർഖണ്ഡ് സ്വദേശിയായ രഘുവാഡിയ വില്ലേജിലെ അജറുദ്ദീൻ അൻസാരി (28)യാണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി.
നീണ്ടകാലത്തെ പ്രണയം സഫലം; തെന്നിന്ത്യൻ താരങ്ങളായ വിമല രാമനും വിനയ് റായും വിവാഹിതരാകുന്നു
കഴിഞ്ഞവർഷം നവംബറിലാണ് ഓൺലൈനിലൂടെ ചുരിദാർ ബുക്ക് ചെയ്ത കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ ചെല്ലട്ടൻ വീട്ടിൽ രജനയുടെ ഒരുലക്ഷം രൂപ നഷ്ടമായത്. ഫേസ്ബുക്കിൽ പരസ്യം കണ്ടതിനെ തുടർന്ന് സിലൂറി ഫാഷൻ എന്ന സ്ഥാപനത്തിലേക്ക് രജന ഓൺലൈൻ വഴി 299 രൂപയാണ് അയച്ചത്.
എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാർ ലഭിക്കാത്തതിനെ തുടർന്ന് പരസ്യത്തിൽ കണ്ട സ്ഥാപനത്തിന്റെ നമ്പറിലേക്ക് വിളിച്ചു. വിലാസം ഉറപ്പാക്കുന്നതിനായി ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽഫോണിൽ നിന്ന് കമ്പനിയുടെ നമ്പറിലേക്ക് സന്ദേശം അയക്കാൻ ആവശ്യപ്പെട്ടു. പണം അയച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടു. ഇതെല്ലാം ഉൾപ്പെടുത്തി സന്ദേശമയക്കുകയും ഒ.ടി.പി. നമ്പർ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇതോടെയാണ് ഇത്രയും വലിയ തുക നഷ്ടപ്പെടാൻ ഇടയാക്കിയത്. ശ്രീകണ്ഠപുരം എസ്.ബി.ഐ. അക്കൗണ്ടിൽനിന്ന് ആറുതവണയായിട്ടാണ് പണം നഷ്ടപ്പെട്ടത്.
അൻസാരി തട്ടിപ്പിന് ഉപയോഗിച്ച നമ്പറിൽനിന്ന് ഒരുതവണ പിതാവിനെ വിളിച്ചിരുന്നു. ഇത് പിന്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.
ജാർഖണ്ഡിലെത്തിയാണ് പ്രതിയെ പിടികൂടിയത്. സമാനരീതിയിലുള്ള തട്ടിപ്പ് ഇയാൾ നിരവധി തവണ നടത്തിയിട്ടുണ്ടെന്നും നേരത്തെ ഒരുതവണ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.