തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാവിഭാഗത്തിലെ പോലീസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അയൽവാസിയായ സ്ത്രീ കാരണമുണ്ടായ മാനസിക സമ്മർദ്ദവും മാനസിക പീഡനവുമാണ് പോലീസുകാരന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇടിച്ചക്കപ്ലാമൂട്, അഞ്ചാലിക്കോണം, കല്ലൂർക്കോണം, മണലിവിളവീട്ടിൽ പരേതനായ വർഗീസിന്റെയും ലീലയുടെയും മകൻ അനീഷ് സേവ്യറി(32)നെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടിച്ചക്കപ്ലാമൂട് റെയിൽവേ മേൽപ്പാലത്തിനു സമീപം ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസിയായ സ്ത്രീയുടെ പരാതിയിൽ പാറശ്ശാല പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് മാനസികമായി പീഡിപ്പിച്ചതിനെത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ തുടക്കം തൊട്ട് ആരോപിച്ചിരുന്നു.
അനീഷിന്റെ ശരീരത്തിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൽ അയൽവാസിയായ സ്ത്രീയുടെ മാനസികപീഡനമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് എഴുതിയിട്ടുള്ളത് എന്ന് പോലീസ് പറഞ്ഞു.
അനീഷിന്റെ സഹോദരൻ അനൂപിന്റെ വിവാഹം മുടങ്ങിയതു സംബന്ധിച്ച് അയൽവാസിയായ സ്ത്രീയും അനീഷും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ അനീഷ് അടിച്ചെന്ന് പറഞ്ഞ് ഇവർ പാറശ്ശാല പോലീസിൽ പരാതി നൽകി. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനീഷിനെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു.
also read- നീണ്ടകാലത്തെ പ്രണയം സഫലം; തെന്നിന്ത്യൻ താരങ്ങളായ വിമല രാമനും വിനയ് റായും വിവാഹിതരാകുന്നു
എന്നാൽ സ്റ്റേഷനിൽ വിളിപ്പിച്ച് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം കേസ് എടുക്കാതെ വിട്ടയക്കുകയായിരുന്നുവെന്നാണ് പാറശ്ശാല പോലീസ് പറയുന്നത്. പരാതിയുമായി മുന്നോട്ടുപോയാൽ ജോലി നഷ്ടപ്പെടുമെന്ന ഭീതി അനീഷിനുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Discussion about this post