നന്മണ്ട: അയൽക്കാരായ യുവാക്കളെ നന്മണ്ടയിൽ ഒരേസമയം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നന്മണ്ട മരക്കാട്ട് കൃഷ്ണൻകുട്ടിക്കുറുപ്പിന്റെ മകൻ വിജീഷ് (34), മരക്കാട്ട് ചാലിൽ രാജന്റെ മകൻ അഭിനന്ദ് (27) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഞായറാഴ്ചയാണ് വിജീഷ് വീട്ടിൽ തിരിച്ചെത്തിയത്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റിയംഗവുമായിരുന്ന വിജീഷിനെ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് വീടിനോടുചേർന്നുള്ള വിറകുപുരയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഓട്ടോഡ്രൈവറായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ 3.30- ഓടെയാണ് അഭിനന്ദിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാത്രി 12 മണിയോടെ അഭിനന്ദ് ഉത്സവം നടക്കുന്ന കുടുംബക്ഷേത്രത്തിൽനിന്ന് വീട്ടിലേക്കു വരുന്നത് സുഹൃത്തുക്കൾ കണ്ടിരുന്നു. സുഹൃത്തുക്കളോട് ‘ഗുഡ്‌ബൈ’ പറഞ്ഞ് അഭിനന്ദ് വാട്‌സാപ്പിൽ സ്റ്റാറ്റസ് വെച്ചിരുന്നു. വയനാട് കാർഷിക വികസന വകുപ്പ് ജീവനക്കാരനാണ്.
അതേസമയം, രണ്ടുപേരും ഏകദേശം ഒരേ സമയത്താണ് മരിച്ചതെന്നാണ് പോലീസ് നിഗമനം. എന്നാൽ, രണ്ടുപേരും അയൽവാസികളാണ് എന്നതല്ലാതെ ഒരേദിവസത്തെ മരണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്താനായില്ല എന്നാണ് ബാലുശ്ശേരി പോലീസ് പറയുന്നത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
Discussion about this post