പേരാമ്പ്ര: ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹ ജീവിതത്തിലേക്ക് കാലത്തെടുത്തു വെച്ചപ്പോഴേക്കുമാണ് വിധി രജിലാലിനെ കവർന്നത്. കുറ്റ്യാടിപ്പുഴയുടെ അപായക്കയത്തിലേക്ക് താഴ്ന്നുപോകുമ്പോൾ ഒപ്പമുണ്ടായിരുന്ന ഇനിയില്ലെന്ന വിവരം ആശുപത്രിയിലെത്തി ബോധംവന്നപ്പോഴും കനിക അറിഞ്ഞിട്ടില്ല. പറയാൻ കഴിയാതെ വിങ്ങുകയാണ് വീട്ടുകാരും.
ചവറംമൂഴി പുഴത്തീരത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾക്കിടയിലാണ് അപ്രതീക്ഷിതമായി ദുരന്തം കടന്നു വന്നത്. കാലുതെന്നി ഒഴുക്കിൽപ്പെട്ട് താഴ്ചയുള്ള ഭാഗത്തേക്ക് കനികയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് രജിലാലും നൊടിയിടയിൽ ഒഴുകിപ്പോവുകയായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ പ്രദേശത്ത് റോഡുപണിക്കായെത്തിയ ലോറിയിലെ ജീവനക്കാരാണ് ആദ്യം പുഴയിലേക്ക് ചാടി കനികയെ പുറത്തെടുത്തത്. പിന്നാലെ രജിലാലിനെയും പുറത്തെടുത്തു. എന്നാൽ, പന്തിരിക്കരയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പ്രകൃതിരമണീയമായ ചവറംമൂഴി പറമ്പൽ ഭാഗത്ത് ബന്ധുക്കൾക്കൊപ്പം കുറച്ചുസമയം ചെലവഴിക്കാനായാണ് ഇരുവരും യാത്രപുറപ്പെട്ടത്. കനികയുടെ അച്ഛൻ സുരേഷും ഒപ്പമുണ്ടായിരുന്നു.
ഫോട്ടോയെടുത്തശേഷം കുരിശുപള്ളിക്ക് സമീപമുള്ള സ്ഥലത്ത് കുളിക്കാനായി ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. നാട്ടുകാർക്കേവർക്കും പ്രിയങ്കരനായിരുന്ന രജിലാലിന്റെ വേർപാടിൽ തരിച്ചുനിൽക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.
Discussion about this post