കോട്ടയം: ഇന്നും കുട്ടികളുടെ പ്രിയപ്പെട്ട കഥാ പുസ്തകമാണ് ബാലരമ, മായാവിയും ലുട്ടാപ്പിയും ഒക്കെ ഇഷ്ട ഹീറോസുമാണ്. അഞ്ച് പതിറ്റാണ്ട് കാലമായി കഥകളും കവിതകളും ഒക്കെയായി വിനോദത്തിലൂടെ അറിവ് പകര്‍ന്ന് ബാലരമ നമുക്കിടയിലുണ്ട്.
നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന പ്രിയപ്പെട്ട ഓര്‍മ്മയാണ് ബാലരമ. 50 വര്‍ഷം മുമ്പ് ആദ്യത്തെ ബാലരമ പുറത്തിറങ്ങിയപ്പോള്‍ കവര്ചിത്രമായെത്തിയ പെണ്‍കുട്ടിയെ കഴിഞ്ഞദിവസം സോഷ്യല്‍ലോകം തേടിയിരുന്നു.
ആ പെണ്‍കുട്ടി ഇവിടെയുണ്ട്, അതേ പുഞ്ചിരിയുമായി. റോസാപ്പൂ മണത്ത് പുഞ്ചിരിക്കുന്ന അതേ ബാലരമ പെണ്‍കുട്ടിയായി. ബാലരമയ്ക്കു വേണ്ടി മനോരമയുടെ ആദ്യകാല ഫൊട്ടോഗ്രഫര്‍മാരില്‍ ഒരാളായ എംകെ ജോണാണ് അനിലയെ ക്യാമറയില്‍ പകര്‍ത്തിയത്.
കലൂര്‍ മാമംഗലം പൊറ്റക്കുഴി റോഡില്‍ ഗ്രീന്‍സിറ്റി ഓര്‍ക്കിഡ് ഫ്ളാറ്റിലെ താമസക്കാരി അനില ബേബി ജോണ്‍ ആണ് ആ കൊച്ചുമിടുക്കി. 56ാം വയസ്സില്‍ അനില ഓര്‍മ്മകളിലേക്ക് സഞ്ചരിച്ചു.
കോട്ടയം കാരാപ്പുഴ കാഞ്ഞിരപ്പറമ്പില്‍ തോമസ് രാജുവിന്റെയും ഡെയ്സിയുടെയും ഇരട്ടപ്പുത്രിമാരില് മൂത്തയാളാണ് അനില. മനോരമ ‘ഞായറാഴ്ച’യില്‍ ചിത്രം പുനഃപ്രസിദ്ധീകരിച്ച വിവരം രാവിലെ തന്നെ അനിലയുടെ അമ്മ കോട്ടയത്തുനിന്നു വിളിച്ചറിയിച്ചിരുന്നു. അനിലയുടെ വല്ല്യപ്പച്ചന് ‘വല്യ തോമാച്ചന്’ എന്നറിയപ്പെട്ടിരുന്ന കെ.ടി. ജോണ്‍ 56 വര്‍ഷം മലയാള മനോരമയില്‍ പ്രിന്റിങ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ജോണിന്റെ മകന് തോമസ് രാജു എംആര്‍എഫ് മുന്‍ ജീവനക്കാരനും.
അനില-അനിത സഹോദരിമാര്‍ ഇരട്ട സഹോദരന്മാരെ വിവാഹം കഴിച്ചതും വാര്‍ത്തയായിരുന്നു. അനിലയെ ഹരിപ്പാട് കാര്‍ത്തികപ്പള്ളി പുഷ്പവിലാസം ജോസും അനിതയെ ജോസിന്റെ സഹോദരന് ബെന്നിയും ജീവിതസഖിമാരാക്കി. ത്രിസന്ധ്യ’, ‘സന്ധ്യയ്ക്കെന്തിനു സിന്ദൂരം’ എന്നീ ചിത്രങ്ങളിലും അനിലയും സഹോദരി അനിതയും മുഖം കാണിച്ചിട്ടുണ്ട്.
Discussion about this post