പാരിപ്പള്ളി: സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചത് ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്ക് നടുറോഡിൽ ക്രൂരമർദനം. കൊല്ലം പരവൂർ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുമായ ബിജുവിനെയാണ് മൂന്നംഗ സംഘം പട്ടാപ്പകൽ ക്രൂരമായി കയ്യേറ്റം ചെയ്തത്.
സംഭവത്തിൽ പരവൂർ പൂതക്കുളം എ എൻ നിവാസിൽ മനു (33), കാർത്തികയിൽ രാജേഷ് (34), രാമമംഗലത്തിൽ പ്രദീഷ് (30) എന്നിവരെ സംഭവത്തിന് പിന്നാലെ പോലീസ് പിടികൂടി. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്കൂൾ ജംഗ്ഷനിലായിരുന്നു സംഭവം. ഇൻസ്പെക്ടർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തതാണ് കയ്യേറ്റത്തിൽ കലാശിച്ചത്. റോഡിൽ ഉണ്ടായ ബഹളംകേട്ട് സമീപത്തെ പ്രദേശവാസികൾ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി സമീപത്തെ വീടിന്റെ മതിൽക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികൾ വീണ്ടും മർദിക്കുന്ന സാഹചര്യവും ഉണ്ടായി. ഒടുവിൽ മർദ്ദനത്തിൽ പരിക്കേറ്റ ജയചന്ദ്രനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജയചന്ദ്രൻ വിവരമറിയിച്ചതിനെ തുടർന്നാണ് പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബ്ബാർ, സബ് ഇൻസ്പെക്ടർ അനുരൂപ് എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടറെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post