മൂവാറ്റുപുഴ: ഹൃദ്രോഗിയായ അച്ഛന്‍ ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളടക്കം നാലു മക്കളെ ഇറക്കിവിട്ട് ജപ്തി ചെയ്ത വീടിന്റെ ആധാരം പണമടച്ച് വീണ്ടെടുത്തു നല്‍കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.
ശനിയാഴ്ച ഉച്ചയ്ക്കാണ് പായിപ്ര പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ വിഎ അജേഷ്‌കുമാറിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. കേരളാ ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. മാത്യു കുഴല്‍നാടന്‍ വീടിന്റെ സീല്‍ ചെയ്ത താഴ് തകര്‍ത്ത് രാത്രി കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ആധാരം തിരികെ നല്‍കാന്‍ ബാങ്ക് ആവശ്യപ്പെടുന്ന പണം അടയ്ക്കാന്‍ തയ്യാറാണ്. ഒട്ടേറെപ്പേര്‍ കുടുംബത്തെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. കടം വീട്ടി വീട് നന്നാക്കി നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസവും ഗുരുതരാവസ്ഥയിലുള്ള അജേഷിന്റെ ചികിത്സയും ഉറപ്പാക്കും. ഇതിന് കെ.പി.സി.സി. പ്രസിഡന്റടക്കമുള്ളവര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
Read Also: കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവം: കടബാധ്യത മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഏറ്റെടുത്തു
ഹൃദ്രോഹത്തെ തുടര്‍ന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. 1 ലക്ഷം രൂപ അര്‍ബന്‍ ബാങ്കില്‍ നിന്നും അജേഷ് ലോണ്‍ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ അജേഷിന്റെ പ്രായപൂര്‍ത്തിയാകാത്ത നാല് മക്കള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ പുസ്തകം മാറോടണക്കി കുട്ടികള്‍ വിഷമിച്ചു നില്‍ക്കുകയായിരുന്നു.