തൊടുപുഴ: വീട്ടില്‍ ആളില്ലാത്തപ്പോള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞ് വീട്ടുജോലിക്കാരിയുടെ ക്രൂരത. തൊടുപുഴക്കടുത്ത് ഉടുമ്പന്നൂര്‍ സ്വദേശി ബിബിനാണ് മൂലമറ്റം സ്വദേശിനിക്ക് എതിരെ പരാതി നല്‍കിയത്. ജോലിക്കാരിയ്‌ക്കെതിരെ പോലീസ് കേസെടുത്തു.
തന്റെ രണ്ട് കുട്ടികളെ പരിചരിക്കുവാനാണ് ഉടുമ്പന്നൂര്‍ സ്വദേശിയായ ബിബിന്‍ വീട്ടില്‍ സ്ത്രീയെ ജോലിക്ക് നിയോഗിച്ചത്. എന്നാല്‍ ജോലിക്കെത്തിയ മൂന്നാം ദിനം തന്നെ ഇവര്‍ കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നാലെ ബിബിന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടികളുടെ മാതാവ് വിദേശത്ത് ആണ്. അഞ്ചര വയസുള്ള പെണ്‍കുട്ടിയെയും നാലര വയസുള്ള ആണ്‍കുട്ടിയേയും പരിചരിക്കുവാന്‍ ആണ് ബിബിന്‍ തൊടുപുഴയിലുള്ള ഏജന്റ് വഴി വീട്ടില്‍ ജോലിക്കാരിയെ നിര്‍ത്തിയത്. ഒരു മാസത്തെ കരാറില്‍ ആയിരുന്നു നിയമനം.
എന്നാല്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ജോലിക്ക് എത്തിയ സ്ത്രീ കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീടിനുള്ളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെ പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം കുട്ടികളുടെ പിതാവായ ബിബിന്‍ മലയാറ്റൂര്‍ തീര്‍ഥാടനത്തിന് പോയിരുന്നു. ഈ സമയത്താണ് വീട്ടുജോലിക്കാരി കുട്ടികളെ കയ്യേറ്റം ചെയ്തത്. പെണ്‍കുട്ടിയെ കയ്യില്‍ തൂക്കി എടുത്ത് എറിയുന്ന ദൃശ്യങ്ങളാണ് ബിബിന്റെ ശ്രദ്ധയില്‍ പെട്ടത്.
സംഭവത്തെ കുറിച്ച് വീട്ടുജോലിക്കാരിയോട് തിരക്കിയപ്പോള്‍ ഇവര്‍ ദേഷ്യപ്പെട്ട് ഇറങ്ങിപോയതായും ബിബിന്‍ പറയുന്നു. കുട്ടിയെ എടുത്തെറിയുന്ന ദൃശ്യങ്ങള്‍ സഹിതം ബിബിന്‍ പോലീസില്‍ പരാതി നല്‍കിയതോടെ മൂലമറ്റം സ്വദേശിനിക്കെതിരേ പോലീസ് കേസെടുത്തു.