ഭക്ഷണപ്രേമികൾക്ക് രുചിയുടെ പുതിയ കിടിലൻ കാഴ്ചയുമായി ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ. 300 കിലോയുള്ള പോത്തിനെ സ്പെഷ്യൽ മസാലപുരട്ടി കുഴിയിലിറക്കി 6 മണിക്കൂറോളം റോസ്റ്റ് ചെയ്യുന്നതാണ് ഫിറോസിന്റെ പുതിയ വീഡിയോ. ഒരാഴ്ച എടുത്താണ് ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. ആറര അടി ആഴത്തിലുള്ള കുഴി തയാറാക്കി ഇഷ്ടികയും സിമന്റും കൊണ്ട് കെട്ടിയെടുത്തു. ഈ കുഴിയിലാണ് മസാല പുരട്ടിയ പോത്തിനെ ചുട്ടെടുക്കുന്നത്. വീഡിയോ ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
ഫിറോസിന്റെ രുചിക്കൂട്ട് ഇങ്ങനെ;
ഈ കുഴിയിലേക്ക് വിറക് അടുക്കി തീ കത്തിച്ച് കനൽ തയാറാക്കണം. അതിലേക്ക് വലിയ 2 ചെമ്പിൽ തിളച്ച വെള്ളം ഇറക്കി വയ്ക്കണം. അതിനു മുകളിൽ കമ്പി വല വിരിച്ച് മസാല പുരട്ടിയ പോത്തിനെ കുഴിയിലേക്ക് ഇറക്കണം. ഇതിനു മുകളിൽ ചാക്ക് വിരിച്ച ശേഷം സിമന്റ് സ്ലാബ് ഇട്ട് മൂടണം. വശങ്ങളിൽ മണ്ണിട്ട് വായു പുറത്തേക്കു പോകാതെ 6 മണിക്കൂർ വയ്ക്കണം.
ഇതേ സമയം മന്തി റൈസ് ദമ്മിൽ മുക്കാൽ മണിക്കൂർ വേവിക്കണം. 6 മണിക്കൂറിനു ശേഷം കുഴിയുടെ മൂടി തുറന്ന് പോത്തിനെ പുറത്തേക്ക് പൊക്കി എടുക്കാം. തയാറാക്കിയ മന്തി റൈസിനു മുകളിലേക്കു വേവിച്ച പോത്തിൽ നിന്നും മാംസം അടർത്തിയെടുത്ത് റൈസിനു മുകളിലേക്കു നിരത്താം. നല്ല ഹൽവ കഷ്ണങ്ങൾ പോലെയുള്ള ബീഫും മന്തി റൈസും ചേർന്നുള്ള ഒന്നാന്തരം രുചി.
Discussion about this post