ആലപ്പുഴ: മുട്ട റോസ്റ്റിന് അമിത വില ഈടാക്കിയെന്ന സിപിഎം എംഎൽഎ പിപി ചിത്തരഞ്ജന്റെ പരാതിയിൽ വീണ്ടും ന്യായീകരണവുമായി ഹോട്ടലുടമ രംഗത്ത്. ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണത്തിൽ തങ്ങളുടെ മുട്ടറോസ്റ്റിന് വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തിട്ടുണ്ടെന്നും ഹോട്ടലുടമ പറയുന്നു. മുട്ട റോസ്റ്റിനു 50 രൂപ ഈടാക്കിയ ഹോട്ടലിനെതിരേ എം.എൽ.എ. കളക്ടർക്കു നൽകിയ പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്.
വിലയടക്കം ഓരോ മേശയിലും മെനു കാർഡുമുണ്ട്. ഗുണനിലവാരത്തിന് ആനുപാതികമായവിലയാണ് ഈടാക്കുന്നതെന്നും ഇവർ പറയുന്നു. 1.70 ലക്ഷം വാടകയിനത്തിലും ഒരുലക്ഷം രൂപ വൈദ്യുതിനിരക്ക് ഇനത്തിലും ചെലവുണ്ടെന്ന് കഴിഞ്ഞദിവസം ഇവർ വ്യക്തമാക്കിയിരുന്നു.
ചേർത്തല താലൂക്ക് സപ്ലൈഓഫീസർ ആർ. ശ്രീകുമാരനുണ്ണിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് കണിച്ചുകുളങ്ങരയിലെ പീപ്പിൾസ് ഹോട്ടലിൽ ഉയർന്നവില ഈടാക്കുന്നതായി കണ്ടെത്തിയതായാണ് വിവരം.
ഇതുസംബന്ധിച്ചു ജില്ലാ സപ്ലൈഓഫീസർ കളക്ടർക്കു റിപ്പോർട്ട് നൽകി. അതേസമയം, സ്റ്റാർ കാറ്റഗറിയിൽ ഉൾപ്പെടാത്തതാണ് ഹോട്ടൽ. കോഴിമുട്ട റോസ്റ്റിനാണ് എം.എൽ.എ.യിൽ നിന്നു 50 രൂപ ഈടാക്കിയത്. അപ്പത്തിനു 15 രൂപയും ഈടാക്കിയിരുന്നു.
Discussion about this post