കൊച്ചി: ജീവിതം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്ന് പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ജിഷയുടെ അമ്മ രാജേശ്വരി. സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കിട്ടിയ ധനസഹായം തീർന്നതോടെ ഹോംനഴ്സായി ജോലി ചെയ്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ഇപ്പോൾ ജീവിതമെന്ന് രാജേശ്വരി പറയുന്നു.
അതേസമയം, രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവൻ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം അറിയിച്ചു.
2016 മെയ് മുതൽ 2019 സെപ്റ്റംബർ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപയോളമാണ്. ഇതിൽ പുതിയ വീട് പണിതതിന് 11.5 ലക്ഷത്തിലധികം രൂപ ചിലവായി. ബാക്കി മുഴുവൻ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റുകയും ചെയ്തു.
പുറംമ്പോക്കിലെ വീട്ടിലെ അരക്ഷിതാവസ്ഥയിൽ ജിഷ ക്രൂരമായി കൊലപ്പെട്ടിട്ട് ഏഴ് വർഷം പിന്നിടുമ്പോഴാണ് രാജേശ്വരി തന്റെ ദയനീയ അവസ്‌ഥ വീണ്ടും വെളിപ്പെടുത്തി രംഗത്ത് വന്നത്. മകളുടെ മരണമുണ്ടാക്കിയ കടുത്ത ശാരീരിക മാനസിക അവസ്ഥകൾ രാജേശ്വരിയെ നിത്യ രോഗിയാക്കി. ചികിത്സക്കായി വലിയ തുക ചിലവായി.
ഇതിനിടെ കൂടെകൂടിയ പലരും രാജേശ്വരിയെ പറഞ്ഞ് പറ്റിച്ച് കുറെ പണവും കൈകലാക്കുകയും ചെയ്തു. ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ട് പോയി സ്നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ആവോളം അറിഞ്ഞതിനാൽ മറിച്ചൊന്നും പറയാനായില്ലെന്ന് രാജേശ്വരി പറയുന്നു. ജിഷയുടെ മരണത്തെ തുടർന്ന് സർക്കാർ ജോലി കിട്ടിയ സഹോദരി ദീപയ്ക്കൊപ്പമാണ് രാജേശ്വരിയുടെ താമസം.