എസി റെസ്റ്റോറന്റാണ്! ‘ചെറിയ ഹോട്ടലുകളില്‍ കയറി കഴിക്കുന്നത് പോലെ, നല്ല ഹോട്ടലില്‍ കയറി കഴിക്കുമ്പോള്‍ അതേ വില കിട്ടില്ലല്ലോ’: മുട്ടക്കറി വില വിവാദത്തില്‍ ഹോട്ടല്‍ ഉടമ

കൊച്ചി: അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിയ്ക്കും 184 രൂപ ഈടാക്കിയതിനെ ന്യായീകരിച്ച് കണിച്ചുകുളങ്ങരയിലെ ഹോട്ടല്‍ ഉടമ തോമസ്. മുന്‍പും വിഐപികള്‍ അടക്കമുള്ള നിരവധി പേര്‍ ഇവിടെ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അന്നൊന്നും വില കൂടുതലാണെന്ന പരാതി ആരും പറഞ്ഞിട്ടില്ലെന്ന് തോമസ് പറഞ്ഞു. നഷ്ടം കൂടാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ തുക തന്നെ ഈടാക്കണമെന്നും തോമസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

”2019ല്‍ ജനുവരി ഹോട്ടല്‍ ആരംഭിച്ചത് മുതല്‍ അപ്പത്തിന് 15 രൂപയും മുട്ടക്കറിക്ക് 50 രൂപയുമാണ് വാങ്ങുന്നത്. മുന്‍പ് കഴിച്ചവര്‍ എല്ലാം മുട്ടക്കറിയെ പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പല വിഐപികള്‍ അടക്കമുള്ളവര്‍ ഇവിടെ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. വില കൂടുതലാണെന്ന പരാതി ആരും പറഞ്ഞിട്ടില്ല.

90 സീറ്റുള്ള എസി റെസ്റ്റോറന്റാണിത്. 1,60,000 രൂപയാണ് മാസ വാടക. 90,000 രൂപയാണ് ബില്ല് വരുന്നത്. തൊഴിലാളികള്‍ക്കും നല്ല ശമ്പളമാണ് നല്‍കുന്നത്. അത്തരമൊരു സ്ഥാപനത്തിന് നഷ്ടം കൂടാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ തുക കൂടുതലാണെന്ന് തോന്നുന്നില്ല.

കയറുന്ന റെസ്റ്റോറന്റിന്റെ സ്ഥലം, സ്റ്റാറ്റസ്, സൗകര്യങ്ങള്‍ എല്ലാം നോക്കുമ്പോള്‍ വിലയില്‍ മാറ്റം വരുമല്ലോ. ചെറിയ ഹോട്ടലുകളില്‍ കയറി കഴിക്കുന്നത് പോലെ, നല്ല ഹോട്ടലില്‍ കയറി കഴിക്കുമ്പോള്‍ അതേ വില കിട്ടില്ലല്ലോ. ഗ്യാസ് വില ഒരോ ദിവസം വര്‍ധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എന്ത് ചെയ്യാന്‍ സാധിക്കും.

ബില്ല് കൊടുത്തപ്പോള്‍ തന്നെ വില കൂടുതലാണെന്ന് എംഎല്‍എ പറഞ്ഞിരുന്നെന്നും തോമസ് പറഞ്ഞു. ”ഭക്ഷണസാധനങ്ങള്‍ക്ക് നിശ്ചിത തുകയേ വാങ്ങാന്‍ സാധിക്കൂ എന്നൊരു നിയമം കൊണ്ട് വന്നാല്‍ അത് അനുസരിക്കാന്‍ തയ്യാറാണ്. അനുസരിക്കില്ലെന്ന പിടിവാശിയൊന്നുമില്ല. പക്ഷെ മാറ്റങ്ങള്‍ അനുസരിച്ച് ഭക്ഷണത്തിന് ക്വാളിറ്റി വ്യത്യാസവും സംഭവിക്കും.

Read Also: 47 വര്‍ഷത്തിനിടയില്‍ ആദ്യമായി തിരമാലകളെ തൊട്ടറിഞ്ഞും കടല്‍ക്കാറ്റ് ആസ്വദിച്ചും നിഷ

വെള്ളിയാഴ്ച രാവിലെയാണ് പിപി ചിത്തരഞ്ജന്‍ എംഎല്‍എയും ഡ്രൈവറും കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചത്. രണ്ടുപേരും കൂടി അഞ്ചപ്പവും ഓരോ മുട്ട റോസ്റ്റും കഴിച്ചു. ജിഎസ്ടിയടക്കം വന്ന ബില്‍ തുക 184 രൂപയായിരുന്നു. ”ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല”. ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു.

Exit mobile version