ചേമഞ്ചേരി: നാലരപതിറ്റാണ്ടായുള്ള ജീവിതത്തില്‍ ആദ്യമായി കടലിനെ തൊട്ടറിഞ്ഞ് നിഷ. കാപ്പാട് കണ്ണന്‍കടവ് സ്വദേശിനി നിഷയാണ് ജീവിതത്തില്‍ ആദ്യമായി കടലിനെ തൊട്ടറിഞ്ഞത്.
നിഷയുടെ വീടും കടലും തമ്മില്‍ നൂറുമീറ്റര്‍ അകലം മാത്രമാണുള്ളത്. എന്നാല്‍, ഒന്നരവയസ്സില്‍ പോളിയോ ബാധിച്ച് ശരീരം മുഴുവന്‍ തളര്‍ന്ന് കിടപ്പായ നിഷയ്ക്ക് കടല്‍ കാണാനുള്ള ഭാഗ്യം ഇതുവരെയുണ്ടായിരുന്നില്ല. ടൂറിസം വകുപ്പിന്റെ കീഴിലുള്ള സഞ്ചാരകേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കിയതോടെയാണ് നിഷയുടെ സ്വപ്നവും യാഥാര്‍ഥ്യമായത്.
വീട്ടില്‍ അമ്മയും മറ്റൊരു ബന്ധുവും മാത്രമാണുള്ളത്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചേമഞ്ചേരി ഏയ്ഞ്ചല്‍ സ്റ്റാര്‍സ് പ്രവര്‍ത്തകരാണ് നിഷയെ കാപ്പാട് ബീച്ചിലെത്തിക്കാന്‍ മുന്‍കൈയെടുത്തത്. തിരമാലകളെ തൊട്ടറിഞ്ഞും തീരത്തെ കാഴ്ചകള്‍ അനുഭവിച്ചും നിഷ വ്യാഴാഴ്ചത്തെ സായാഹ്നം ആസ്വദിച്ചു. എല്ലാംമറന്ന് അവള് ചിരിച്ചു. വെള്ളത്തിലൂടെ തള്ളിക്കൊണ്ടുപോകുന്ന പ്രത്യേകവണ്ടിയില് കയറ്റി സുഹൃത്തുക്കള്‍ നിഷയ്ക്കായി ഉല്ലാസയാത്രയൊരുക്കി.
നാല്പ്പത്തേഴ്വയസ്സിനിടയില് തൊട്ടടുത്തുള്ള കടലിനെ കാണാനും അറിയാനും തനിക്ക് ഭാഗ്യമുണ്ടായിരുന്നില്ലെന്ന് നിഷ പറഞ്ഞു. ഭിന്നശേഷിക്കാരുടെ സ്വതന്ത്രകൂട്ടായ്മയായ ഏയ്ഞ്ചല്‍ സ്റ്റാര്‍സിന്റെ വാര്‍ഷികമാണ് ജീവിതത്തില്‍ നിഷ പങ്കെടുത്ത ഏക പൊതുപരിപാടി. നിഷയുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് ഏയ്ഞ്ചല്‍ സ്റ്റാര്‍സ് പ്രവര്‍ത്തകരായ സാബിറ കെ. പാറക്കല്‍, പ്രഭാകരന് എളാട്ടേരി, പ്രകാശന്, ബിനേഷ് ചേമഞ്ചേരി, കോയ, മിനി, പ്രദീപന് എന്നിവര്‍ ചേര്‍ന്ന് നിഷയെ കാപ്പാടിന്റെ മനോഹരകാഴ്ചകളിലേക്ക് കൊണ്ടുവന്നത്.
ഒന്നരവയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറയും അപകടത്തില്‍ പരിക്കേറ്റ് ജീവിതം വീല്‍ച്ചെയറിലായ പ്രഭാകരന് എളാട്ടേരിയും ചേര്‍ന്ന് 2013 ഫെബ്രുവരിയിലാണ് എയ്ഞ്ചല്‍ സ്റ്റാര്‍സ് രൂപവത്കരിച്ചത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂട്ടായ്മ ഇന്ന് ജില്ലയിലെയും മറ്റു ജില്ലകളിലെയും ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരുടെ ആശ്വാസകേന്ദ്രമാണ്.
Discussion about this post