കൊച്ചി: ജയിലിൽ കഴിയവേ നടൻ ദിലീപിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്താവനയെ വിമർശിച്ച് വിരമിച്ച ഐജി എവി ജോർജ്. അത്തരം സൗകര്യങ്ങൾ ഒരാൾക്ക് മാത്രം എന്തിന് നൽകിയെന്ന് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.
ജയിലിൽ എല്ലാവർക്കും തുല്യപരിഗണനയാണ് നൽകേണ്ടത്. സാധാരണക്കാർക്കുള്ള സൗകര്യം മാത്രമേ ദിലീപിനും അവിടെ ലഭിക്കൂ. പൊലീസ് ഉപ്രദ്രവിച്ച് അവിടെ കൊണ്ട് തള്ളിയതല്ലല്ലോ. ഒരു ഫൈവ് സ്റ്റാർ ലൈഫ് നയിച്ചിരുന്ന വ്യക്തിക്ക് ജയിലിൽ കിടക്കുന്ന സമയത്ത് മാനസികവും ശാരീരികവുമായ വിഷമതകളും നേരിടേണ്ടി വന്നേക്കും.
ദിലീപിന് മാത്രം പ്രത്യേക സൗകര്യം നൽകാൻ പറ്റില്ല. നൂറ് കണക്കിന് പ്രതികൾ ജയിലിലുണ്ട്. എന്നിട്ടും ദിലീപിന് മാത്രം കരിക്കിൻ വെള്ളം വാങ്ങി കൊടുത്തു. ഈ സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയത് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.
നേരത്തെ, താൻ ജയിൽ ഡിജിപി ആയിരിക്കെയാണ് ദിലീപ് ജയിലിലെത്തിയതെന്നും അവിടെ ദുരിതമനുഭവിക്കുന്നതു കണ്ട് ചില സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നെന്നും മനോരമ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്.
‘ഞാൻ ജയിൽ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതൽ സൗകര്യം ഏർപ്പാടാക്കി എന്ന തരത്തിൽ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാൽ അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലിൽ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്ന് നാല് ജയിൽ വാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്‌ക്രീനിൽ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ.
എനിക്ക് പെട്ടെന്ന് മനസലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയിൽ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും, ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരിയാക്കാൻ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാൻ ഏർപ്പാടാക്കി.”- ഇതായിരുന്നു ശ്രീലേഖയുടെ വാക്കുകൾ.