ആലപ്പുഴ: അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ പരാതിയുമായി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം ആണ് എംഎൽഎ പങ്കുവെച്ചത്. ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത വില ഇടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ജില്ല കളക്ടർക്കാണ് എംഎൽഎ പരാതി നൽകിയത്. ഇതിനെ തുടർന്ന് എംഎൽഎയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കു നിർദേശം നൽകിയതായി ജില്ല കളക്ടർ രേണു രാജ് അറിയിച്ചു.
ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നതെന്നും എംഎൽഎ ആരോപിച്ചു.
Discussion about this post