ന്യൂഡല്‍ഹി: കൊറിയയിലേക്ക് ഉള്ളി കൃഷി ചെയ്യുന്നതിന് ജോലിക്കാരെ ക്ഷണിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി അപേക്ഷകരാണ് കേരളത്തില്‍ നിന്നു തന്നെ ഉണ്ടായിരുന്നത്.
ഉള്ളി കൃഷിക്ക് ആവശ്യമായ ആളുകള്‍ക്കായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞെന്ന് ഒഡെപെക്ക് ചെയര്‍മാന്‍ കെപി അനില്‍കുമാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഉടനെ തന്നെ നിയമനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലും നിരവധി തൊഴിലവസരങ്ങളുണ്ടെന്നും പരമാവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയെന്നതാണ് കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും കെപി അനില്‍ കുമാര്‍ പറഞ്ഞു.
ജര്‍മനിയിലെ സര്‍ക്കാരിന്റെ കീഴിലുള്ള റിക്രൂട്ട്മെന്റ് സ്ഥാപനമായ ഡെഫ നേഴ്സുമാരുടെ ജോലി ഒഴിവുകളെക്കുറിച്ച് അറിയിച്ചിരുന്നെന്നും, ഇതിന്റെ ഭാഗമായി 100 നേഴ്സുമാര്‍ക്ക് കേരള സര്‍ക്കാര്‍ സൗജന്യമായി ജര്‍മന്‍ ഭാഷ പഠിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെന്നും ഒഡെപെക്ക് ചെയര്‍മാന്‍ പറഞ്ഞു.
വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് രൂപീകൃതമായ സ്ഥാപനമാണ് സ്ഥാപനമാണ് ഒഡെപെക്ക്. അതിനാല്‍ വിദേശത്ത് തൊഴിലവസരങ്ങള്‍ കണ്ടെത്താനോ തൊഴിലാളികളെ പറഞ്ഞയക്കാനോ അനുമതിയുടേയോ ആവശ്യമില്ല, പക്ഷേ നമ്മള്‍ ജോലിക്ക് അയക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത മനസിലാക്കുന്നത് വിദേശകാര്യമന്ത്രാലയത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
1.12 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ചെയ്യാനാണ് കേരള സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് മുഖേന ആളുകളെ ക്ഷണിച്ചത്.
പത്താംക്ലാസ് യോഗ്യതയും കാര്‍ഷികവൃത്തിയില്‍ പരിചയമുള്ളവര്‍ക്കുമായിരുന്നു മുന്‍ഗണന. 25-40 പ്രായപരിധി, അറുപത് ശതമാനം സ്ത്രീകള്‍ക്കായി സംവരണം മാസം 1.12 ലക്ഷം രൂപ ശമ്പളം എന്നിങ്ങനെയായിരുന്നു ഉള്ളി കൃഷിക്ക് വേണ്ട യോഗ്യതകള്‍. അപേക്ഷാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സെമിനാറില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ അടക്കം നിരവധിപ്പേരാണ് തിരുവനന്തപുരത്ത് എത്തിയത്. നൂറ് സ്ത്രീകള്‍ അടക്കം എഴ്‌നൂറ് പേരാണ് സെമിനാറിന് എത്തിയത്.
എന്നാല്‍ ദക്ഷിണ കൊറിയയിലെ അതിശൈത്യം നിറഞ്ഞ കാലാവസ്ഥ, കൃഷിരീതി, ജീവിതസാഹചര്യം, ഭക്ഷണം, ജോലി സമയം, അവധി എന്നിവയേക്കുറിച്ച് അറിഞ്ഞതോടെ നിരവധിപ്പേരാണ് ജോലി താല്‍പര്യം ഉപേക്ഷിച്ച് മടങ്ങിയത്. മാസത്തില്‍ 28 ദിവസവും ജോലി ചെയ്യണമെന്നും രണ്ട് അവധി ദിവസം മാത്രമാണ് ലഭിക്കുക എന്നും ദിവസവും ഒന്‍പത് മണിക്കൂര്‍ ജോലി ചെയ്യണമെന്നും അറിഞ്ഞതാണ് ഉദ്യോഗാര്‍ത്ഥികളെ നിരാശയിലാക്കിയത്.