സമ്മര്‍ ബംപര്‍ വിജയി ചോറ്റാനിക്കരയില്‍ തന്നെ: 6 കോടിയുടെ ഭാഗ്യം തേടിയെത്തിയത് ടെക്‌സ്‌റ്റൈല്‍സ് ഉടമ കെപി റെജിയെ; പുറംലോകമറിയുന്നത് പത്ത് ദിവസത്തിന് ശേഷം

ചോറ്റാനിക്കര: സമ്മര്‍ ബംപര്‍ ലോട്ടറിയുടെ കോടിപതി ചോറ്റാനിക്കരയില്‍ തന്നെ. ചോറ്റാനിക്കര എരുവേലിയിലെ പൊന്നൂസ് ടെക്‌സ്‌റ്റൈല്‍സ് ഉടമ കെപി റെജിയ്ക്കാണ് ഒന്നാം സമ്മാനമായ 6 കോടി ലഭിച്ചത്. SC 107463 എന്ന നമ്പര്‍ ലോട്ടറിയാണ് റെജിയ്ക്ക് ഭാഗ്യം കൊണ്ടുകൊടുത്തത്.

ചോറ്റാനിക്കരയില്‍ നിന്നു വിറ്റ ടിക്കറ്റിനാണ് ബംപര്‍ അടിച്ചതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഭാഗ്യവാന്‍ ആരെന്നു മാത്രം കണ്ടെത്തിയിരുന്നില്ല. നാടൊന്നാകെ ഭാഗ്യവാനെ തേടുകയായിരുന്നു, നറുക്കെടുപ്പ് കഴിഞ്ഞു 10 ദിവസത്തിനു ശേഷമാണ് വിജയി എരുവേലി കാഞ്ഞിരംകോലത്ത് കെപി റെജിയാണെന്നു നാട്ടില്‍ അറിയുന്നത്.

സ്വകാര്യത കണക്കിലെടുത്താണു വിവരം ആരോടും പറയാതിരുന്നതെന്നാണു റെജി പറയുന്നത്. 20നു നറുക്കെടുപ്പ് നടന്നെങ്കിലും പിറ്റേന്ന് കടയിലെത്തി പത്രം നോക്കിയാണു റെജി ഫലം അറിഞ്ഞത്. ഉടന്‍ ടിക്കറ്റ് യൂണിയന്‍ ബാങ്ക് മുളന്തുരുത്തി ശാഖയില്‍ ഏല്‍പിച്ചു.

അടുത്ത ദിവസം തന്നെ ബാങ്ക് ഉദ്യോഗസ്ഥനൊപ്പം തിരുവനന്തപുരത്തെത്തി ലോട്ടറി ഡയറക്ടറുടെ ഓഫിസില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു. വിവരം വീട്ടില്‍ മാത്രമാണു പറഞ്ഞത്. ടിക്കറ്റ് സമര്‍പ്പിച്ച് ഒരാഴ്ചയ്ക്കു ശേഷമാണു പലരും വിവരം അറിഞ്ഞു ചോദിച്ചു തുടങ്ങിയത്.

പ്രവാസിയായിരുന്ന റെജി ജോലി ഉപേക്ഷിച്ച ശേഷം 18 വര്‍ഷമായി എരുവേലിയില്‍ കട നടത്തുന്നു. ലഭിക്കുന്ന പണം ഉപയോഗിച്ചു ബാധ്യതകള്‍ തീര്‍ക്കുകയാണു പ്രഥമ ലക്ഷ്യമെന്നു റെജി പറഞ്ഞു. വൈദ്യുതി ബില്‍ അടയ്ക്കാന്‍ ചോറ്റാനിക്കരയില്‍ പോയപ്പോള്‍ കെഎസ്ഇബി ഓഫിസിനു മുന്നില്‍ നിന്ന സ്ത്രീയില്‍ നിന്നാണു ലോട്ടറി വാങ്ങിയത്. സുനിയാണു ഭാര്യ. വിദ്യാര്‍ഥികളായ റാണിമോള്‍, ബേസില്‍ എന്നിവര്‍ മക്കളാണ്.

Exit mobile version