കൊച്ചി: നടി ആക്രമിക്കപ്പെട്ടത് അപൂർവ സംഭവമായി തോന്നുന്നത് പുറത്തു നിന്നുള്ളവർക്കാണെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ. വിജയകുമാർ. അപൂർവങ്ങളിൽ അപൂർവമെന്ന് കോടതിയും ജഡ്ജിയും പറഞ്ഞാലും അത് പുറത്തുനിൽക്കുന്നവർക്ക് തോന്നണമെന്നില്ലെന്ന് വിജയകുമാർ പറയുന്നു. നടൻ ദിലീപിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയകുമാറിന്റെ വാക്കുകൾ;
‘അന്വേഷണ സംഘം പല കേസുകളും അപൂർവങ്ങളിൽ അപൂർവമെന്ന് പറയാറുണ്ട്. എന്നാൽ പുറത്തുള്ളവർക്ക് അങ്ങനെ തോന്നണമെന്നില്ല. ഫിയോക് ചെയർമാനായ ദിലീപിനോട് സംഘടനയിൽ നിന്ന് മാറി നിൽക്കാൻ അംഗങ്ങളിൽ ഒരാൾ പോലും ആവശ്യപ്പെട്ടിട്ടില്ല. ദിലീപിനെ മാറ്റി നിർത്തേണ്ട സാഹചര്യമില്ലെന്നാണ് ഫിയോക്കിന്റെ വിലയിരുത്തൽ. അമ്മ സംഘടന ദിലീപിനെ മാറ്റി നിർത്തിയത് മര്യാദയാണോ അപമര്യാദയാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. താരസംഘടന ചെയ്യുന്നതെല്ലാം ഫിയോക് ചെയ്യണമെന്നില്ല.
ഫിയോക്കിന് ഫിയോക്കിന്റേതായ ലക്ഷ്യങ്ങളും ലക്ഷ്യബോധവുമുണ്ട്. ഫിയോക് ഫിയോക്കിന്റേതായ രീതിയിൽ പോകും. ഞങ്ങളുടെ സംഘടനയുമായി ബന്ധപ്പെട്ട ഒരു കേസല്ല അത്. അതുകൊണ്ട് തന്നെ ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് ഞങ്ങളാരും ആവശ്യപ്പെടുകയില്ല.
ദിലീപ് മാറി നിൽക്കണമെന്ന് പറയേണ്ട കാര്യമെന്താണ്? എനിക്ക് തന്നെ വ്യക്തിപരമായി എത്രയോ കേസുകളുണ്ട്. ഇവിടെയുള്ള ഓഫീസ് ബെയറേഴ്‌സിന് എന്തെല്ലാം കേസുകൾ നടക്കുന്നു. അവരെയെല്ലാം പിടിച്ച് സംഘടനയിൽ നിന്ന് രാജിവെക്കണമെന്ന് പറയാൻ പറ്റുമോ? മാറി നിൽക്കണമെന്ന് പറയാൻ പറ്റുമോ? പറ്റില്ല.
Discussion about this post