കോട്ടയ്ക്കൽ: 27കാരിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെനയ്ക്കൽ ഫാറൂഖ് നഗർ പുളിക്കൽ ഹൗസിലെ മുഹമ്മദ് ഷെഫീഖ്(31) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോലീസ് മാനസികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
അഞ്ച് ദിവസം മുമ്പാണ് മുഹമ്മദ് ഷെഫീഖിന്റെ ഭാര്യ ഹാറുഷ പർവീൻ(27) ആത്മഹത്യ ചെയ്തത്. ഇരിങ്ങാവൂർ ചക്കാലക്കൽ മുഹമ്മദലിയുടെയും ഷക്കീലയുടെയും മകളാണ് ഹാറുഷ.
ഷെഫീഖും ഹാറുഷയും വിവാഹിതരായത് 2017-ലായിരുന്നു. അന്ന് ഇവരുടെ വിവാഹവേളയിൽ 125 പവൻ സ്വർണം ഹാറുഷയുടെ കുടുംബം നൽകിയിരുന്നു. ഈ സ്വർണമെല്ലാം ഷെഫീഖ് ധൂർത്തടിച്ചെന്നാണ് ഹാറുഷയുടെ കുടുംബത്തിന്റെ പരാതി.
മലപ്പുറം ഡിവൈഎസ്പി പ്രദീപ് കുമാർ, കോട്ടയ്ക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ എംകെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Discussion about this post