കരിയര്‍ വിട്ട് സിനിമയിലേക്കെത്തിയ താരങ്ങളാണ് ഏറെയും, അഭിനയം വിട്ട് കരിയറിലേക്ക് പോയിരിക്കുന്നവര്‍ കുറവാണ്. അതിലൊരാളായിരിക്കുകയാണ് നടി സോണിയയും. സിനിമാ-സീരിയല്‍ താരം സോണിയ റഷീദ് ഇനി മുന്‍സിഫ് മജിസ്ട്രേറ്റ്. അന്‍പതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് സോണിയ.
കാര്യവട്ടം ക്യാമ്പസിലെ എല്‍എല്‍.എം. വിദ്യാര്‍ത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസില്‍ പാസായ സോണിയ പിന്നീട് എല്‍എല്‍ബിയും എല്‍എല്‍എമ്മും പഠിച്ചു. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് മുന്‍സിഫ് മജിസ്ട്രേറ്റായി നിയമനം.
അവതാരകയായി മിനിസ്‌ക്രീനിലെത്തിയ സോണിയ പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും ചേക്കേറി. അത്ഭുതദ്വീപില്‍ അഞ്ച് രാജകുമാരിമാരില്‍ ഒരാളായി സോണിയ വേഷമിട്ടിട്ടുണ്ട്. മൈ ബോസില്‍ മമ്തയുടെ സുഹൃത്തായും വേഷമിട്ടിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിവയാണ് സോണിയയുടെ ശ്രദ്ധേയ സീരിയലുകള്‍.
കുഞ്ഞാലിമരയ്ക്കാറിലെ കനകാംഗി, മംഗല്യപ്പട്ടി ലെ നായിക, സത്യം ശിവം, സുന്ദര ത്തിലെ ഗംഗാദേവി, പറയി പെറ്റ പന്തിരുകുലം , മാര്‍ത്താണ്ഡവര്‍മ, മാസ്‌ക്ക് , ആദിപരാശക്തി, സ്വാമിയേ ശരണമയ്യപ്പാ, ദേവിമാഹാത്മ്യം ഇവയെല്ലാം സോണിയയുടെ അഭിനയമികവ് തെളിയിക്കുന്ന കഥാപാത്രങ്ങളും സീരിയലുകളുമാണ്. എന്നാല്‍ പിന്നീട് അധികം സീരിയലുകളില്‍ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല.