നിറത്തിന്റെയും ശാരീരിക ഘടനയുടെയും പേരിൽ നിരവധി പേരാണ് ക്രൂശിക്കപ്പെടാറുള്ളത്. ഇപ്പോൾ തന്റെ അമ്മയും നേരിട്ട കളിയാക്കലുകളും മറ്റും തുറന്നു പറയുന്ന മകളുടെ കുറിപ്പാണ് വൈറലാകുന്നത്. അൻസി വിഷ്ണുവാണ് തന്റെ അമ്മ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് പങ്കുവെച്ചത്.. ഇരുണ്ട നിറമായതിന്റെ പേരിലും മുടി കുറവായതിന്റെ പേരിൽ തന്റെ അമ്മ ഏറ്റുവാങ്ങിയ പരിഹാസങ്ങളും അൻസി തുറന്ന് പറയുന്നു.
അൻസിയുടെ കുറിപ്പ്;
അമ്മ കറുത്തതായിരുന്നു, അമ്മക്ക് മുടി കുറവായിരുന്നു. ഈ കാരണങ്ങളുടെ പേരിൽ അമ്മ ആൾക്കൂട്ടങ്ങളിൽ, കല്യാണ വീടുകളിൽ, പിറന്നാൾ വീടുകളിൽ, മരണ വീടുകളിൽ ഒക്കെയും കളിയാക്കൽ നേരിട്ടുണ്ട്. നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും ഒരു നീണ്ട കാലം കളിയാക്കലുകൾ നേരിട്ട സ്ത്രീയാണ് അമ്മ. കടുത്ത നിറങ്ങൾ ഇഷ്ടമുള്ള അമ്മ നിറം മങ്ങിയ സാരികൾ ഉടുത്ത് കളിയാക്കലുകളെ അതിജീവിച്ചു. പ്രിയപ്പെട്ട നിറമുള്ള സാരി ഉടുത്തപ്പോഴൊക്കെ ‘ഒന്നൂടി കറുത്തു’ എന്നുള്ള ചിരിയോട് കൂടിയുള്ള വർത്തമാനങ്ങൾ അമ്മ കേട്ട് കൊണ്ടിരുന്നു.
ചുവപ്പും നീലയും നിറമുള്ള ഭംഗിയുള്ള സാരികൾ അലമാരയുടെ അടിത്തട്ടിൽ മടക്കി വെച്ച്, എവിടെയെങ്കിലും യാത്ര പുറപ്പെടുപ്പോൾ ആ സാരികൾ ഓരോന്നായി ശരീരത്തോട് ചേർത്ത് വെച്ച് ഇതെനിക്ക് ചേരില്ലല്ലേ, ഇതുടുത്താൽ ഞാൻ ഒന്നൂടി കറുക്കും അല്ലെ എന്ന് അമ്മ പറയാറുണ്ട്, അങ്ങനെ അമ്മ പറയാനുള്ള കാരണക്കാർ അതുവരെ നീ കറുത്തതല്ലേ ഈ നിറങ്ങൾ ഒന്നും നിനക്ക് ചേരില്ലെന്ന് അമ്മക്ക് ചുറ്റും നിന്ന് പറഞ്ഞവരാണ്..
അമ്മ പൊട്ട് തൊടാറില്ല, പൊട്ട് തൊട്ടാൽ ഒന്നൂടി കറുപ്പ് കൂടുതൽ തോന്നുമെന്ന അഭിപ്രായം അമ്മക്ക് ചുറ്റും നിരവധി വട്ടം വന്ന് പോയിട്ടുണ്ട്. ഇഷ്ടപ്പെട്ട നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ ധരിക്കാതെ, പൊട്ട് തൊടാതെ അമ്മ വല്ലാതെ bodyshaming നേരിട്ടുണ്ട്. എന്റെ കല്യാണത്തിന് സാരു എടുക്കുമ്പോൾ ഒരു ചുമന്ന പട്ട് സാരീ എടുത്ത് ശരീരത്തോട് ചേർത്തിട്ട് ഇതെനിക്ക് ഇഷ്ടായി പക്ഷേ ഇതുടുത്താൽ ഒന്നൂടി കറുപ്പ് തോന്നുമെന്ന് പറഞ്ഞ് അമ്മ ആ സാരി മാറ്റിവെച്ചു.
കല്യാണ തലേന്ന് ആ ചുമന്ന പട്ട് സാരിയാണ് ഞാൻ അമ്മക്ക് സമ്മാനം നൽകിയത്, അമ്മ ഇതുടുത്താൽ മതി എന്ന് ശാസിക്കുകയും ചെയ്തു. പിറ്റേന്ന് അമ്മ ആ സാരിയുടുത്തു, പൊട്ട്‌തൊട്ടു, മുല്ലപ്പൂ ചൂടി. നാളതു വരെ അമ്മ നേരിട്ട കളിയാക്കലുകൾ കുട്ടിക്കാലം മുതൽ കാണുന്നതാണ് ഞാൻ. അമ്മക്കുള്ള എന്റെ ഏറ്റവും വലിയ സമ്മാനം അമ്മയുടെ ഇഷ്ടങ്ങളെ അമ്മയോട് കൂടെ ചേർക്കുക എന്നതായിരുന്നു. ഓസ്‌കർ വേദിയിൽ തന്റെ ഭാര്യയുടെ മുടിയില്ലാത്ത തലയെ കളിയാക്കിയ അവതാരകനെ തല്ലിയ വിൽ സ്മിത്തിനെ കണ്ടപ്പോൾ ഞാൻ ഓർത്തത് അമ്മയെയാണ്.
കാലങ്ങളോളം നിറത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ട അമ്മ. പ്രതികരിക്കാൻ എനിക്ക് അറിയാതിരുന്ന നാളുകളിൽ, നിറം മങ്ങിയ നിറങ്ങൾക്കുള്ളിൽ ഇഷ്ടങ്ങൾ ഒളിപ്പിച്ച അമ്മ. പല്ല് പൊങ്ങിയവനെ, മുടിയില്ലാത്തവനെ, കറുത്തവരെ, പൊക്കം ഇല്ലാത്തവരെ, കളിയാക്കി ഒളിഞ്ഞും തെളിഞ്ഞും ചിരിച്ച് അവരെ വേദനിപ്പിച്ചു കരയിപ്പിക്കലാണ് കാലങ്ങളായി നമ്മൾ ചെയ്യുന്നത്. കുറവുകളുള്ള ശരീരത്തിലെ വിശാലമായ മനസ് ആരും കാണാൻ ശ്രെമിക്കുന്നില്ല എന്നതാണ് സത്യം. ആരുടേയും ശരീരത്തെ കളിയാക്കരുത് എന്നതാണ് നമ്മൾ ആദ്യം പഠിക്കേണ്ട പാഠം.