പലതരം സേവ് ദ് ഡേറ്റേ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് മുത്തശ്ശിക്കഥയെ ആസ്പദമാക്കി ഒരുക്കിയ സേവ് ദ് ഡേറ്റാണ്. കഥകളിലൂടെ സുപരിചിതയായ നീലി എന്ന യക്ഷിയും തന്ത്രികുമാരനുമായാണ് വധുവരന്മാർ എത്തിയത്.സേവ് ദ് ഡേറ്റ് ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ആണ് മുണ്ടക്കയം സ്വദേശികളായ അർച്ചനഅഖിൽ എന്നിവരുടെ സേവ് ദ് ഡേറ്റ് വ്യത്യസ്തമായി ചിത്രീകരിച്ചത്.
സേവ് ദ് ഡേറ്റ് കഥ പറയുന്നത് ഇങ്ങനെയാണ് ഒരു തന്ത്രികുമാരൻ ഇളവന്നൂർ മടത്തിലേക്ക് യാത്രയ്ക്കിടെ യക്ഷിയായ നീലിയെ കാണുന്നു. തുടർന്നു നീലിയെ ആവാഹിക്കാൻ ശ്രമിക്കുന്നു. തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്ന നീലിയെ തന്ത്രികുമാരൻ ഭാര്യയായി സ്വീകരിക്കുന്നു. മുത്തശ്ശി പേരക്കുട്ടിയോട് കഥ പറയുന്ന രീതിയിലാണ് അവതരണം.
അഖിലിന്റെയും അർച്ചനയുടെയും ആഗ്രഹം എന്തെങ്കിലും ആശയം അടിസ്ഥാനമാക്കി സേവ് ദ് ഡേറ്റ് ചെയ്യണമെന്നായിരുന്നു. ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ഉടമ ജിബിൻ ഏതാനും ആശയങ്ങൾ ഇവരോട് പറഞ്ഞു. ഇതിലെ യക്ഷിക്കഥയാണ് ഇവർക്ക് ഇഷ്ടപ്പെട്ടത്. ചിത്രീകരണത്തിലെ ചില സങ്കീർണതകൾ കാരണം ജിബിൻ മുൻപ് വേണ്ടെന്നു വച്ചതായിരുന്നു ഈ ആശയം. എങ്കിലും ഇരുവരും പൂർണസമ്മതവും താൽപര്യവും അറിയിച്ചതോടെ യക്ഷിക്കഥയുമായി മുന്നോട്ട് പോയി.
ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തുള്ള അമ്മച്ചി കൊട്ടാരത്തിലും പ്രദേശത്തുമായിരുന്നു യക്ഷിയുടെയും തന്ത്രികുമാരന്റെയും രംഗങ്ങൾ ചിത്രീകരിച്ചത്. ഭരണങ്ങാനുത്തുള്ള തിടനാട്ടിൽ മറ്റു രംഗങ്ങളും ചിത്രീകരിച്ചു. ഒരു ദിവസം കൊണ്ട് ഷൂട്ട് പൂർത്തിയായി. ഡബിങ് ആർട്ടിസ്റ്റ് ആയ സൂസൻ ആണ് മുത്തശ്ശിക്ക് ശബ്ദം നൽകിയത്. ജിബിൻ ജോയ് ആണ് ചിത്രങ്ങൾ പകർത്തിയത്. നിതിൻ റോയ് വിഡിയോയും ഗോകുൽ എഡിറ്റിങും ചെയ്തിരിക്കുന്നു. ഏപ്രിൽ 28ന് ആണ് അഖിൽ-അർച്ചന വിവാഹം.
സേവ് ദ് ഡേറ്റ് കണ്ടിട്ട് ഒരു സിനിമ കണ്ടതു പോലെ തോന്നി എന്നതുൾപ്പടെയുള്ള അഭിനന്ദനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഫോട്ടോഗ്രാഫറായ ജിബിൻ. ഏതാനും ട്വിസ്റ്റുകൾ കൂടി ഉൾപ്പെടുത്തിയാണു കഥവികസിപ്പിച്ചത്. പകൽ സമയത്തായിരുന്നു ചിത്രീകരണം.
വിഎഫ്എക്‌സ് ഉപയോഗിച്ചിട്ടില്ല. ദൃശ്യങ്ങളും ശബ്ദവും മികച്ച രീതിയിൽ സംയോജപ്പിച്ച് ഹൊറർ ഫീൽ കൊണ്ടുവരാനായിരുന്നു ശ്രമമെന്നും അതു വിജയിച്ചതിൽ സന്തോഷമുണ്ടെന്നും ഫോട്ടോഗ്രാഫർ ജിബിൻ പറയുന്നു.