ആലപ്പുഴ: കെ റെയിൽ സർവേയ്ക്കായി നാട്ടിയ കല്ലുകൾ സമരക്കാർ പിഴുതെറിഞ്ഞതിന് പിന്നാലെ ചെങ്ങന്നൂരിൽ സർവേക്കല്ലുകൾ നാട്ടുകാർ പുനഃസ്ഥാപിച്ചു. മന്ത്രി സജി ചെറിയാൻ നേരിട്ടെത്തി നാട്ടുകാരെ അനുനയിപ്പിച്ചതോടെയാണ് പിഴുതെറിഞ്ഞ കല്ലുകൾ തിരികെ സ്ഥാപിക്കാൻ നാട്ടുകാർ തയ്യാറായത്. മന്ത്രി നഷ്ടപരിഹാരം ഉറപ്പുനൽകിയതോടെ പ്രദേശവാസികൾക്ക് ആശ്വാസമാവുകയായിരുന്നു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സർവേ കല്ലുകൾ പിഴുതെറിഞ്ഞത്.
‘ഈ തങ്കമ്മാമയ്ക്ക് ഒരു കുഴപ്പോമില്ല. അമ്മാമ എങ്ങും പോകണ്ട. ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ അമ്മാമ ഇവിടെ താമസിക്കും. ഇല്ലെങ്കിൽ അപ്പുറത്തു മാറി ഇതിനേക്കാൾ നല്ല വീടുവെച്ച് താമസിപ്പിക്കും’- വീട് നഷ്ടമാകുമെന്ന് ഭയന്ന് സമരത്തിനൊപ്പം ചേർന്ന വയോധികയെ മന്ത്രി ആശ്വസിപ്പിച്ചതിങ്ങനെ.
‘എങ്ങും പോകണ്ട. ഈ സർക്കാരിൽ വിശ്വാസമുണ്ടല്ലോ. പിണറായി വിജയനിൽ വിശ്വാസമുണ്ടല്ലോ. ഒന്നും പേടിക്കണ്ട.’ വാക്കുപറഞ്ഞാൽ മാറുന്നവനല്ല താനെന്നും സജി ചെറിയാൻ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാർ വാക്കു പറഞ്ഞാൽ മാറില്ല. നിങ്ങളെ ആളുകൾ വന്ന് ഇളക്കുകയാണെന്നും മന്ത്രി പറഞ്ഞു. അമ്മാമയുടെ പടം പത്രങ്ങളിൽ വന്നു എന്ന് മന്ത്രിയോടൊപ്പമുള്ളയാൾ പറഞ്ഞപ്പോൾ, അമ്മാമ കേരളം മൊത്തം അറിയപ്പെട്ടു എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
കെ റെയിലിനെതിരായ ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിന് വിഴുങ്ങേണ്ടി വരും. ചെങ്ങന്നൂരിലെ നാട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂരിലെ 20 വീടുകൾ കയറിയാണ് മന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്.