കൊച്ചി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തില്‍ അല്ലാതെ ആര്‍ക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധി പകര്‍പ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കൈമാറി. അതിന് ശേഷമാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
പണിമുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്ത നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി പണിമുടക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
കേരള സര്‍വീസ് ചട്ട പ്രകാരം സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സര്‍വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി. പണിമുടക്ക് ചോദ്യം ചെയ്തുകൊണ്ട് തിരുവനന്തപുരം സ്വാദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് അനുസരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് സര്‍ക്കാര്‍ പൂര്‍ണമായും അനുസരിക്കുകയാണ് വേണ്ടത്. അതല്ലാതെ ഗവണ്‍മെന്റിന് മറ്റ് വഴികളില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസിലാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പരിശോധിക്കുമെന്ന് ഐഎന്‍ടിയുസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഏത് സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരിശോധിക്കുമെന്നാണ് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞത്.
Discussion about this post