തിരുവനന്തപുരം: രണ്ട് ദിവസങ്ങളിലായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവക്ക് പണിമുടക്കില്‍ ഇളവുണ്ടാകുമെന്ന അറിയിപ്പിനോടൊപ്പം ലുലു മാള്‍ ഉള്‍പ്പെട്ടതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
അതേസമയം, ‘ദേശീയ’ പണിമുടക്ക് വിജയിപ്പിക്കാന്‍ അത്താഴ പട്ടിണിക്കാരും കൂലിവേല ചെയ്യുന്നവരും പണിമുടക്കുമ്പോള്‍ ലുലു മാളിനെ എന്തിന് ഒഴിവാക്കിയെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.
പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കുമ്പോള്‍ എംഎ യൂസഫലി മുതലാളിയുടെ വരുമാനത്തില്‍ ഒരു രൂപ പോലും കുറവ് വരരുതെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ട്. അതു കൊണ്ടാണ് ലുലു മാളിനെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയത്. മുണ്ട് മുറുക്കി ഉടുത്തും പാര്‍ട്ടി തീരുമാനം നടപ്പാക്കാന്‍ ഇറങ്ങി തിരിച്ച സഖാക്കന്മാര്‍ക്ക് ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാന്‍ നട്ടെല്ലുണ്ടോ?
പാര്‍ട്ടി എന്ത് പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങാന്‍ തയ്യാറാകുന്ന നിങ്ങള്‍ ഭാവി കേരളത്തിനെയാണ് ഇല്ലാതാക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താതെ കേരളം ഗതി പിടിക്കില്ലെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.